ad
Deshabhimani

print edition അവിടെ സത്യപ്രതിജ്ഞ ഇവിടെ കൂട്ടയിടി; സ്ഥലംമാറ്റം: ലീഗ്‌–കോൺഗ്രസ്‌ അനുകൂല ജീവനക്കാർ ഏറ്റുമുട്ടി

League.jpg

എൻജിഒ അസോസിയേഷൻ–എസ്‌ഇയു നേതാക്കൾ ഏറ്റുമുട്ടിയപ്പോൾ

വെബ് ഡെസ്ക്

Published on May 19, 2026, 02:03 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത്‌ അധികാരമേൽക്കുന്ന അതേസമയം തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലീഗ്–കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ തമ്മിൽത്തല്ലി. ഡയറക്ടറേറ്റിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനുള്ള പട്ടികയുടെ പേരിലാണ്‌ ഏറ്റുമുട്ടിയത്‌.


കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി നൈസാമിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ്‌ അനുകൂലസംഘടന എസ്‌ഇയുവിന്റെ ജില്ലാ വൈസ് പ്രസിഡന്റ്‌ നിഷാദിനെയാണ്‌ ആക്രമിച്ചത്. ഇരു സംഘടനകളുടെയും സംസ്ഥാന നേതാക്കളും തമ്മിൽത്തല്ലി.


സ്ഥലംമാറ്റൽ പട്ടിക നൽകുന്നതിനെചൊല്ലി എസ്‌ഇയുവും എൻജിഒ അസോസിയേഷനും ഫലപ്രഖ്യാപന ദിവസംതന്നെ വാക്കേറ്റവും സംഘർഷവും ആരംഭിച്ചിരുന്നു. അസോസിയേഷൻ നേതാക്കൾ നിരവധി ജീവനക്കാരിൽനിന്ന്‌ പണം വാങ്ങി സ്ഥലംമാറ്റം തരപ്പെടുത്താമെന്ന്‌ വാഗ്ദാനംചെയ്തു.


കോൺഗ്രസിന്‌ താൽപ്പര്യമുള്ളവരെ ചട്ടവിരുദ്ധമായി തിരുകിക്കയറ്റാനും ശ്രമിച്ചു. മറ്റൊരു പട്ടിക എസ്‌ഇയു നേതാക്കളും പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകി. രണ്ടു സംഘടനകളും പ്രത്യേകം പട്ടിക നൽകി ഭീഷണിപ്പെടുത്തിയതോടെ അഡീഷണൽ ഡയറക്ടർ അവധിയിൽപ്പോയി.


പിന്നാലെ പ്രിൻസിപ്പൽ ഡയറക്ടറും അവധിയെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ്‌ പകരം ചുമതല നൽകിയത്‌.

ഇതിനിടെ ലീഗ്‌ നേതാക്കളുടെ സമ്മർദംമൂലം എസ്‌ഇയു നേതാവിനെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക്‌ എത്തിച്ചു. ആര്യനാട്‌ പഞ്ചായത്തിൽ ഹെഡ് ക്ലർക്കായ നിഷാദ്‌ തിങ്കളാഴ്ച ഡയറക്ടറേറ്റിൽ എത്തിയതോടെ അസോസിയേഷൻ നേതാക്കൾ കയ്യാങ്കളിയിലേക്ക്‌ നീങ്ങുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home