ad
Deshabhimani

print edition കോറോ ഹെൽത്ത്‌ കൂട്ടപ്പിരിച്ചുവിടൽ: കോറോ ഹെൽത്തിലേക്ക്‌ 
സിഐടിയുവിന്റെ ഉജ്വലമാർച്ച്‌

പാലാരിവട്ടത്തെ കോറോ ഹെൽത്ത്‌ ഓഫീസിലേക്ക്‌ സിഐടിയു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി 
വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പാലാരിവട്ടത്തെ കോറോ ഹെൽത്ത്‌ ഓഫീസിലേക്ക്‌ സിഐടിയു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി 
വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 12:00 AM | 2 min read

കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച്‌ കോറോ ഹെൽത്ത്‌ കന്പനിയിലേക്ക്‌ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികളുടെ ഉജ്വലമാർച്ച്‌. കൊച്ചിയിലും കോഴിക്കോടും ആയിരത്തോളം ജീവനക്കാരെ നിയമം ലംഘിച്ച്‌ പിരിച്ചുവിട്ട കന്പനിയുടെ തൊഴിലാളിവിരുദ്ധ നടപടിക്ക്‌ എതിരെ സിഐടിയു സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പാലാരിവട്ടത്തെ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ നിരവധി തൊഴിലാളികൾ അണിനിരന്നു. കോറോ ഹെൽത്തിലെ ജീവനക്കാർക്കുള്ള ഐക്യദാർഢ്യം കൂടിയായി മാർച്ച്‌.

സിഐടിയു സംസ്ഥാനസെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. എറണാകുളം ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷനായി. അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, അഖിലേന്ത്യ സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്‌, ദീപ കെ രാജൻ, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എസ്‌ ശർമ, സംസ്ഥാനസെക്രട്ടറി സി ബി ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.


വഴിയാധാരമായി 8 ദിവസം; ഇന്ന്‌ മന്ത്രിതല ചർച്ച


യുഎസ്‌ ആസ്ഥാനമായ കോറോ ഹെൽത്ത്‌ കേരളത്തിലെ ഓഫീസുകളിനിന്ന്‌ ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട്‌ 8 ദിവസം പ‍ൂർത്തിയാകുന്ന വെള്ളിയാഴ്‌ച തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടക്കും. മന്ത്രി ബിന്ദുകൃഷ്‌ണയുടെ നേതൃത്വത്തിൽ എറണാകുളം കലക്ടറേറ്റിൽ പകൽ 11നാണ്‌ ചർച്ച.


കന്പനിയുടെ നിയമോപദേഷ്ടാവ്‌ നേരിട്ടും പ്രധാന ഉദ്യോഗസ്ഥർ ഓൺലൈൻ വഴിയും പങ്കെടുക്കും. ലേബർ കമീഷണറും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുക്കും. നിർബന്ധമായും ചർച്ചയിൽ പങ്കെടുക്കണമെന്ന്‌ കന്പനി അധികൃതരോട്‌ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്‌.

വ്യാഴവും കൊച്ചിയിലെ ഓഫീസ്‌ തുറന്നില്ല. അകത്തേക്ക്‌ പ്രവേശിക്കാൻ കഴിയാതിരുന്ന ജീവനക്കാർ തൊഴിൽവകുപ്പിന്‌ ഹാജർ നൽകി. കന്പനിയുടെ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. നേതാക്കൾ ജീവനക്കാരുമായി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്‌തു. മറ്റുസംഘടനകളുടെയും പ്രകടനമുണ്ടായി.


ജൂലൈ മൂന്നിനാണ്‌ കൊച്ചിയിലും കോഴിക്കോടും ജോലി ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്‌. അന്നുതന്നെ ജീവനക്കാരും തൊഴിലാളി യൂണിയനുകളും സ്ഥലത്തെ ജനപ്രതിനിധിയും പങ്കെടുത്ത ചർച്ചയിൽ തൽസ്ഥിതി തുടരാൻ ധാരണയായി. എന്നാൽ, രാത്രിതന്നെ രണ്ടരമാസത്തെ ശന്പളം ജീവനക്കാരുടെ അക്ക‍ൗണ്ടിലേക്ക്‌ കൈമാറി, കന്പനി നിലപാട്‌ കടുപ്പിച്ചു.


തിങ്കളാഴ്‌ച ലേബർ കമീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ജീവനക്കാർക്ക്‌ ഓഫീസിൽ വരാമെന്ന്‌ ധാരണയായി. എന്നാൽ, ഇതും ലംഘിച്ചു. ഓഫീസ്‌ പൂട്ടി കന്പനി അധികൃതർ കടന്നു. ചൊവ്വയും ബുധനും വ്യാഴവും സമാനസ്ഥിതി തുടർന്നു.


തൊഴിൽവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി ജീവനക്കാരുടെ ഹാജരെടുത്തു.‘നിരവധി കുടുംബങ്ങളുടെ ജീവിതപ്രശ്‌നമാണ്‌. ജോലി നഷ്ടമായാൽ പ്രതിസന്ധിയിലാകുമെന്നും– ജീവനക്കാർ പറഞ്ഞു.


കന്പനി പ്രതിനിധികൾ ചർച്ചയിൽ 
പങ്കെടുക്കണമെന്ന്‌ ഹെെക്കോടതി


കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ പ്രശ്‌നപരിഹാരത്തിനായി വെള്ളിയാഴ്ച എറണാകുളം കലക്‌ടറേറ്റില്‍ തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തില്‍ കമ്പനി പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഹെെക്കോടതി.


തല്‍സ്ഥിതി തുടരാനുള്ള ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ്‌ അന്തിമ ഉത്തരവായി കാണേണ്ടതില്ലെന്നും അനുരഞ്ജന ചര്‍ച്ചകളുടെ ഭാഗമായി മാത്രം കണ്ടാല്‍മതിയെന്നും കോടതി വ്യക്തമാക്കി. ലേബർ ഓഫീസറുടെ ഉത്തരവ് ചോദ്യംചെയ്‌ത് കോറോ ഹെല്‍ത്ത് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ നിർദേശം. 2020-ലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് പ്രകാരം ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനും കോടതി നിര്‍ദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home