print edition കൂട്ടപ്പിരിച്ചുവിടലിന് പരിഹാരമായില്ല; സർക്കാരിനെ തള്ളി കോറോ ഹെൽത്ത്

കൊച്ചി:
ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളൊന്നും അംഗീകരിക്കാതെ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്. ജീവനക്കാരെ പിരിച്ചുവിട്ട് ഒരാഴ്ചയ്‌ക്കുശേഷമാണ് തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണയുടെ സാന്നിധ്യത്തിൽ എറണാകുളം കലക്ടറേറ്റിൽ ഒത്തുതീർപ്പ് ചർച്ച നടന്നത്. കന്പനി മാനേജ്‌മെന്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ഓൺലൈനായാണ് പങ്കെടുത്തത്.
സർക്കാരിന്റെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ആവശ്യങ്ങളോ നിർദേശങ്ങളോ പ്രതിനിധികൾ അംഗീകരിച്ചില്ല. 20ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ച് യോഗം അവസാനിപ്പിച്ചു.
ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കില്ലെന്നും അടുത്ത ചർച്ച വരെ വീട്ടിലിരിക്കട്ടെയെന്നുമാണ് കന്പനി പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞത്. ജീവനക്കാരെ നിലനിർത്തി തൽസ്ഥിതി തുടരണമെന്നാണ് കന്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടതെന്ന് ചർച്ചയ്‌ക്കുശേഷം ബിന്ദു കൃഷ്‌ണ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഇൗ ആവശ്യം അംഗീകരിച്ചില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളിൽ നിലനിർത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി.
20ലെ ചർച്ചയിൽ കന്പനി അധികൃതർ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്‌ണ പറഞ്ഞു.
കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയെ തിങ്കളാഴ്ച ഡൽഹിയിലെത്തി കാണും. ജീവനക്കാർക്ക് ഓഫീസിലെത്താമെന്നും തൊഴിൽവകുപ്പ് ഹാജരെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ലേബർ കമീഷണർ സഫ്‌ന നസറുദ്ദീൻ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, കലക്ടർ ജി പ്രിയങ്ക, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, കോറോ ഹെൽത്ത് ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ട്രേഡ് യൂണിയനുകൾ സംയുക്തസമരം ആരംഭിക്കും
കൊച്ചി
: കോറോ ഹെൽത്ത് ജീവനക്കാരുടെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ എല്ലാ ട്രേഡ് യൂണിയനുകളും ഒന്നിച്ച് സമരം ആരംഭിക്കുമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് പറഞ്ഞു. കലക്ടറേറ്റിൽ നടന്ന ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ട്രേഡ് യൂണിയനുകളും ചേർന്ന് ഓഫീസിനു പുറത്തുനിന്ന് സമരത്തെ പിന്തുണയ്ക്കും. തൊഴിലാളികൾക്ക് ഓഫീസിനുമുന്നിൽ വന്നിരിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തും.
കേരളത്തിൽ ഒരു കമ്പനി ഇതേപോലെ അടച്ചുപൂട്ടിപ്പോകുന്നത് കേരളത്തിലെ വ്യവസായ പുരോഗതിക്ക് എതിരാണ്. കന്പനിയുടെ ഓഫീസുകൾ ആന്ധ്രയിലും കോയന്പത്തൂരിലും നോയ്‌ഡയിലുമെല്ലാം കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നു.
ജീവനക്കാർ വീട്ടിലിരിക്കേണ്ട കാര്യമില്ലെന്ന് ട്രേഡ് യൂണിയനുകൾ ചർച്ചയിൽ കർശനമായി പറഞ്ഞുവെന്നും ഗോപിനാഥ് പറഞ്ഞു.









0 comments