print edition യുഡിഎഫ് സർക്കാർ ഡാറ്റ പുറത്ത് കൊടുത്തു

പ്രത്യേക ലേഖകൻ
Published on Jun 05, 2026, 12:01 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കാൻ, ധനവകുപ്പ് അതീവരഹസ്യമായി സൂക്ഷിക്കുന്ന രേഖകളടക്കം പുറത്തുകൊടുത്തത് വിവാദത്തിൽ. വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ, രഹസ്യസ്വഭാവമുള്ള രേഖകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഫിനാൻഷ്യൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ ധനവകുപ്പിന്റെ ഫാക്‌ട് ചെക്കിങ്ങ് ഉണ്ടായില്ലെന്നതടക്കം വ്യവസ്ഥാപിത നടപടി ക്രമങ്ങൾ പാലിക്കുന്നതിലും വീഴ്‌ചയുണ്ടായി.
ധനവകുപ്പിനെ വിശ്വാസത്തിലെടുക്കാതെ പുറത്തുനിന്നുള്ള മൂന്നുപേരെയാണ് ധവളപത്രം തയ്യാറാക്കാൻ ഏൽപ്പിച്ചത്. ഇത് ധനവകുപ്പിന്റെ ചരിത്രത്തിൽത്തന്നെ ആദ്യം. ‘ധനകാര്യ സെക്രട്ടറി അജിത് പാട്ടീൽ, ധനവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ആവശ്യമായ ഡാറ്റയും വിശകലനവും സ്ഥാപനപരമായ പിന്തുണയും നൽകി’ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആമുഖത്തിൽത്തന്നെ പറഞ്ഞിട്ടുമുണ്ട്. മുന്‍പ് സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനവകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. കീഴ്‌വഴക്കവും അതാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാവിരുദ്ധവും ചട്ടലംഘനവുമാണ്. ഇത്തരം കീഴ്‌വഴക്ക ലംഘനങ്ങൾക്കെതിരെ റൂളിങ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻധനമന്ത്രി കെ എൻ ബാലഗോപാലും ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തയ്യാറായില്ല.









0 comments