പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ സ്‌കോളർഷിപ് പരീക്ഷ; മന്ത്രി ഒന്നും അറിഞ്ഞില്ലത്രേ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്‌കോളർഷിപ് പരീക്ഷയ്‌ക്ക് അനുമതി നൽകിയത് അറിഞ്ഞില്ലെന്ന മന്ത്രി എൻ ഷംസുദ്ദീന്റെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസികയ്‌ക്ക്, ‘യങ് സ്‌കോളർ’ പരീക്ഷ നടത്തുന്നതിന് ഒക്ടോബർ 12നാണ് വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയത്.
സംഘപരിവാർ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ നൽകിയ അപേക്ഷയിലാണ് അനുകൂല തീരുമാനം. അനുമതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കുവേണ്ടി ഒപ്പിട്ടത് ജോയിന്റ് ഡയറക്‌ടർ എ അബൂബക്കർ ആണ്. ജോയിന്റ് ഡയറക്‌ടർ മന്ത്രിയുടെ മണ്ഡലത്തിൽനിന്നുള്ള ആളും അടുപ്പക്കാരനുമാണ്. സ്വാഭാവികമായും മന്ത്രിയുടെ അറിവില്ലാതെ അനുമതി നൽകാൻ സാധ്യതയില്ല. ഒക്ടോബർ 30ന് യങ് സ്‌കോളർ പരീക്ഷയുടെ സ്‌കൂൾതല മത്സരങ്ങൾ നടന്നു. ശിശുദിനമായ ശനിയാഴ്‌ച സബ്‌ജില്ലാ മത്സരങ്ങളും നടന്നു. സംഭവം വിവാദമായപ്പോൾ അനുമതി റദ്ദാക്കിയും റിപ്പോർട്ട് തേടിയും കൈകഴുകുകയാണ് മന്ത്രി എൻ ഷംസുദ്ദീൻ. വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയുന്നില്ലേയെന്നാണ് ലീഗ് പ്രവർത്തകരും ചോദിക്കുന്നത്.
അനൂപ് കുമാറിനെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളിൽ ഒരാളായി സർക്കാർ ഉൾപ്പെടുത്തിയിരുന്നു. സംഘപരിവാറിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇടംകൊടുക്കുന്ന സർക്കാർ നീക്കത്തിനെതിരെ വലിയ വിമർശമാണ് ഉയരുന്നത്.








0 comments