print edition മുനമ്പം ഭൂമി വഖഫാക്കിയത് തങ്ങൾ ചെയർമാനായ ബോർഡ്

2019 മെയ് 20ലെ വഖഫ് ബോർഡ് യോഗത്തിന്റെ ഉത്തരവ്
കൊച്ചി: മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാർ നിയമിച്ച പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡ്. 2019 മെയ് 20ന് ചേർന്ന ബോർഡ് യോഗത്തിലെ തീരുമാനപ്രകാരം, 15 ദിവസത്തിനുള്ളിൽ ഭൂമി വഖഫ് സ്വത്തായി ബോർഡിൽ രജിസ്‌റ്റർചെയ്യാൻ മുതവല്ലിയെ (ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്) ചുമതലപ്പെടുത്തുകയായിരുന്നു.
മുനമ്പം ഭൂമി വഖഫ് സ്വത്താക്കിയത് ‘എൽഡിഎഫ് സർക്കാർ പോകുന്നപോക്കിൽ തന്ന വലിയൊരുപണി’ എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ തിങ്കളാഴ്‌ച മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
മുനമ്പത്തെ ഭൂമി, അനുമതിയില്ലാതെ കൈമാറ്റം ചെയ്‌തെന്ന വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റഷീദ് അലി തങ്ങൾ അധ്യക്ഷനായ യോഗം വിഷയം പരിശോധിച്ചത്. വഖഫ് നിയമം 36–ാം വകുപ്പുപ്രകാരമുള്ള രജിസ്ട്രേഷന് അപേക്ഷിക്കുന്നതിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പരാജയപ്പെട്ടാൽ വഖഫ് ബോർഡിലെ ജൂനിയർ സൂപ്രണ്ട് ആ ചുമതല ഏറ്റെടുത്ത് ഉടൻ നിർവഹിക്കണമെന്ന് യോഗം നിർദേശിച്ചു. ഫാറൂഖ് കോളേജിന്റെ കൈവശം വേറെയും സ്വത്തുക്കളുണ്ടെങ്കിൽ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കണ്ടെത്തണമെന്നും തീരുമാനിച്ചു.
മുനമ്പം ഭൂമി വഖഫ് അല്ലെന്നുകാണിച്ച് കോളേജ് മാനേജ്‌മെന്റ് കോടതികളിൽ നൽകിയ സത്യവാങ്മൂലം നിലനിൽക്കെയായിരുന്നു പാണക്കാട് തങ്ങൾ ചെയർമാനായ ബോർഡിന്റെ നടപടി. തങ്ങൾക്കുപുറമെ മുസ്ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻ ഹാജി, അഡ്വ. എം ഷറഫുദ്ദീൻ, അഡ്വ. പി വി സൈനുദ്ദീൻ, ഫാത്തിമ റോസ്ന, എ സജിത - എന്നിവരും അംഗങ്ങളായിരുന്നു.
മുനമ്പം ഭൂമി തർക്കത്തിൽ താമസക്കാരുടെ താൽപ്പര്യത്തിനെതിരായ നിർണായകനീക്കം നടത്തിയത് യുഡിഎഫ് ഭരണസമിതിയാണെന്ന് ബോർഡിന്റെ മുൻ ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വഖഫ് പോർട്ടലായ ഉമീദിൽ മുനന്പംഭൂമിയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തത് സാങ്കേതിക നടപടിക്രമമാണ്.
ഭൂമി വഖഫായി ബോർഡിൽ രജിസ്‌റ്റർ ചെയ്യുന്പോൾ മുതവല്ലിയായിരുന്ന ഫാറൂഖ് കോളേജ്, അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ബോർഡ് ഇത് ചെയ്‌തത്. ഭൂമിയുടെ അസ്സൽ വഖഫ് രജിസ്‌ട്രേഷൻ 2019ൽ യുഡിഎഫ് ഭരണസമിതി നടത്തിയിരുന്നെന്നും എം കെ സക്കീർ പറഞ്ഞു.










0 comments