print edition ചട്ടവിരുദ്ധ സ്ഥലംമാറ്റം; പട്ടികവർഗവകുപ്പിൽ 54, സാമൂഹ്യനീതിയിൽ 23

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് വിവിധ വകുപ്പുകളിൽ നടത്തുന്ന കൂട്ട സ്ഥലംമാറ്റങ്ങൾ തുടരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലായി പട്ടികവർഗ വികസനവകുപ്പിൽ 54 പേരെയും സാമൂഹ്യനീതിവകുപ്പിൽ 23 പേരെയുംമാറ്റി.
വനിതകൾ, അംഗപരിമിതർ, രോഗികൾ എന്നിവരെപ്പോലും പരിഗണിക്കാതെയാണ് സീനിയോരിറ്റി ലംഘിച്ച് ജില്ല തിരിച്ച് സ്ഥലംമാറ്റുന്നത്. എൻജിഒ അസോസിയേഷൻ നേതാക്കൾ നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് മാറ്റം.
മുസ്ലിം ലീഗ് അനുകൂല സംഘടനയായ എസ്‌ഇയുവും മറ്റൊരു പട്ടികയുമായി വകുപ്പ് ഡയറക്ടർമാരെ സമീപിക്കുന്നുണ്ട്. സ്ഥലം മാറ്റുമെന്ന് പറഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവവും തലസ്ഥാനത്തുണ്ടായി.
ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ ട്രിബ്യൂണലിനെ സമീപിച്ച ചിലർക്ക് സ്റ്റേ ഓർഡർ കിട്ടിയെങ്കിലും ഉത്തരവ് പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
‘ഭരണാനുകൂല സംഘടനകളുടെ സമ്മർദമുണ്ട്. ചെയ്തുകൊടുക്കാതിരിക്കാൻ കഴിയില്ല എന്നാണ് അവരുടെ വാദം. സമ്മർദം താങ്ങാനാകാതെ സ്വയം അവധിയെടുത്തുപോയവരുമുണ്ട്. കൈക്കൂലി വാങ്ങി സ്ഥലം മാറ്റവും തസ്തികകളും തരപ്പെടുത്തിക്കൊടുക്കുന്നവരുടെ ലിസ്റ്റും ലെറ്റർ പാഡിൽ നൽകുന്നുണ്ട്.
മൂന്നുമുതൽ പത്തുലക്ഷംവരെ വാങ്ങി പ്രധാന തസ്തികകളിലേക്ക് മാറ്റാമെന്നാണ് വ്യവസ്ഥ. യുഡിഎഫിലെ വിവിധ സംഘടനകൾ വ്യത്യസ്‌ത പട്ടിക നൽകുന്നതുകാരണം ഏത് നടപ്പാക്കണമെന്ന് അറിയാതെ ആശങ്കയിലാണ് ഉദ്യോഗസ്ഥരും.










0 comments