വി ഡി സതീശന്റെ നുണ തുറന്നുകാട്ടി
print edition ദേശാഭിമാനി ഓഫീസ് ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ശിക്ഷ


സ്വന്തം ലേഖകൻ
Published on Feb 25, 2026, 12:00 AM | 1 min read
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നുണ തുറന്നുകാട്ടി വാർത്താസമ്മേളനത്തിൽ ചോദ്യംചോദിച്ചതിൽ പ്രകോപിതരായി ദേശാഭിമാനി വയനാട് ബ്യൂറോ ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകർക്ക് ശിക്ഷ. കുറ്റം സമ്മതിച്ച അഞ്ച് പ്രതികൾക്ക് കൽപ്പറ്റ കോടതി പിഴയിട്ടു. കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൽപ്പറ്റ പെരുന്തട്ട മഞ്ഞപ്പാലം ഷമീർ, സി രവി ചന്ദ്രൻ, കൽപ്പറ്റ ചാത്തനാത്ത് ഷൈജൽ, കല്ലുമുറിക്കുന്ന് എ പ്രതാപ്, പുൽപ്പാറ പിലാശ്ശേരി ആബിദ് എന്നിവരെയാണ് ശിക്ഷിച്ചത്.
മറ്റ് പ്രതികളായ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺദേവ്, സെക്രട്ടറി ജഷീർ പള്ളിവയൽ, പെരുന്തട്ട ഷിനോദ് എന്നിവർക്കെതിരെ കേസ് തുടരും.
2022 ജൂൺ 25ന് വയനാട് ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലെ ചോദ്യത്തിൽ പ്രകോപിതനായി പ്രതിപക്ഷ നേതാവ് ദേശാഭിമാനി ലേഖകനെ ഭീഷണിപ്പെടുത്തുകയും ഉറഞ്ഞുതുള്ളുകയും ചെയ്‌തു. വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ ഓഫീസിലെ സമരത്തിനിടെ വിദ്യാർഥികൾ ഗാന്ധിചിത്രം തകർത്തെന്ന സതീശന്റെ നുണ തുറന്നുകാട്ടിയപ്പോഴായിരുന്നു പ്രകോപനം.
‘മര്യാദയ്‌ക്ക് ഇരുന്നോണം അല്ലെങ്കിൽ പുറത്തിറക്കി വിടു’മെന്നായിരുന്നു ഭീഷണി. തുടർന്ന് കോൺഗ്രസ് കൽപ്പറ്റയിൽ നടത്തിയ റാലിക്കിടെ പ്രവർത്തകർ സംഘടിച്ചെത്തി കൽപ്പറ്റ പള്ളിത്താഴെയുള്ള ദേശാഭിമാനി ജില്ലാ ബ്യൂറോയ്‌ക്ക് നേരെ കല്ലെറിയുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്‌തു.
ഗാന്ധി ചിത്രം തകർത്തതിന് രാഹുൽ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരടക്കമുള്ള നാല് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.









0 comments