രണ്ട് മാനുകളുടെ ജഡവും തോക്കും മൂന്ന് തിരകളും കണ്ടെടുത്തു
print edition മാനിനെ വേട്ടയാടിയ കോൺഗ്രസ് നേതാക്കൾ പിടിയിൽ

പുൽപ്പള്ളി
മാനുകളെ വേട്ടയാടി കൊന്ന കോൺഗ്രസ് നേതാക്കൾ അടക്കം അഞ്ചുപേർ പിടിയിൽ. കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി പുളിങ്കുന്നേൽ പി ജെ റെജി (55), പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റും പുൽപ്പള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ കണിയാംകുടിയിൽ കെ എം എൽദോസ് (54), ചീങ്കല്ലേൽ ജോസ് മാത്യു (50), പുറത്തോട്ട് പി എസ് സിബി (53), ജോസഫ് സെബാസ്റ്റ്യൻ (55, ബിജു പാറയ്‌ക്കൽ) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളി പുലർച്ചെ മൂന്നോടെ ചെറിയകുരിശ് – 73 റോഡിലെ റബർതോട്ടത്തിൽനിന്നാണ് പ്രതികൾ പിടിയിലായത്.ഇവരിൽനിന്ന് രണ്ട് പുള്ളിമാനിന്റെ ജഡവും നാടൻതോക്കും മൂന്ന് തിരകളും കണ്ടെടുത്തു. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനത്തിനോട് ചേർന്ന തോട്ടമാണിത്. വെടിയൊച്ച കേട്ടാണ് പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന വനംവകുപ്പ് സംഘം റബർതോട്ടത്തിലെത്തിയത്. നാല് പ്രതികളെ സംഭവസ്ഥലത്തുവച്ച് പിടികൂടി. ഓടി രക്ഷപ്പെട്ട ഒരാളെ പിന്നീട് അറസ്റ്റ്‌ചെയ്‌തു.
പ്രദേശത്ത് സ്ഥിരമായി വേട്ട നടക്കുന്നെന്ന വിവരത്തെ തുടർന്ന് വനംവകുപ്പ് നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയിരുന്നു. ജോസഫ് സെബാസ്റ്റ്യൻ ലൈസൻസില്ലാത്ത നാടൻ തോക്ക് കൈവശംവച്ച കേസിൽ മുമ്പ് പ്രതിയായിരുന്നു.










0 comments