നേതാവിനെതിരെ രണ്ടാമത്തെ പീഡനപരാതി , നടപടിയെടുക്കാതെ നേതൃത്വം , സംഘടനയിൽ ഭിന്നത
പീഡനക്കേസിൽ മണ്ഡലം പ്രസിഡന്റ് റിമാൻഡിൽ ; സംരക്ഷിച്ച് കോൺഗ്രസ്

മലപ്പുറം
പീഡന പരാതിയിൽ അറസ്‌റ്റിലായ പള്ളിക്കൽ പഞ്ചായത്തംഗവും കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റുമായ കരിപ്പൂർ വളപ്പിൽ മുഹമ്മദ് അബ്ദുൾ ജമാലി (ജമാൽ കരിപ്പൂർ– 35)ന് സംരക്ഷണമൊരുക്കി കോൺഗ്രസ് നേതൃത്വം. ഭർത്താവ് മരിച്ച യുവതിയെ മലപ്പുറം കാക്കഞ്ചേരിയിലെ കെട്ടിടത്തിൽവച്ച് കഴിഞ്ഞ ജൂണിൽ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്‌ദാനത്തിൽനിന്ന് ജമാൽ പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകി. ബുധൻ രാവിലെ അറസ്‌റ്റിലായ ജമാൽ റിമാൻഡിലാണ്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും കോൺഗ്രസ് നേതൃത്വവും ജമാലിന് പിന്തുണയർപ്പിച്ച് രംഗത്തുണ്ട്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഇവരുടെ വാദം. ഇതുവരെ അച്ചടക്ക നടപടിയെടുത്തിട്ടില്ല. രണ്ടുവർഷംമുമ്പ് മറ്റൊരു പീഡന പരാതിയിലും ജമാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കുഴിമണ്ണ സ്വദേശിയായ യുവതിയെ വിവാഹവാഗ്‌ദാനം നൽകി കരിപ്പൂരിലെ ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് പീഡിപ്പിച്ചെന്നായിരുന്നു അന്നത്തെ പരാതി. കരിപ്പൂർ പൊലീസ് എടുത്ത കേസിൽ കോടതിയിൽ യുവതി മൊഴിമാറ്റി. ഉന്നത കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. ഇതേ യുവതിയെ മുമ്പ് ജമാൽ പരസ്യമായി മർദിച്ചു. ഇൗ കേസും ഒതുക്കി.
വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജമാലിന് ഉന്നത കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കേസ് പിൻവലിക്കാൻ യുവതിക്കുമേൽ കടുത്ത സമ്മർദമുണ്ട്. ആദ്യസംഭവം നടക്കുമ്പോഴും ജമാൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും വാർഡംഗവുമായിരുന്നു. അന്നും രണ്ട് സ്ഥാനത്തുനിന്നും മാറ്റിയില്ല. ജമാലിനെ സംരക്ഷിക്കുന്നതിൽ പാർടിയിൽ ഭിന്നത ശക്തമാണ്.









0 comments