എതിർപ്പിന്റെ ‘സ്പിരിറ്റ് ’ വെറുതെയല്ല ; കോൺഗ്രസിന് കിട്ടുന്നത് 1000 കോടിയുടെ അഴിമതിപ്പണം

തിരുവനന്തപുരം : എഥനോൾ പ്ലാന്റിനെതിരെ വീറോടെ വാദിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഉന്നം കർണാടകത്തിലെ സ്പിരിറ്റ് കമ്പനികളിൽ നിന്ന് കിട്ടുന്ന അഴിമതിപ്പണം. കർണാടക വൈൻ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക് പ്രകാരം ആയിരം കോടിയിലധികം രൂപയുടെ അഴിമതിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിവർഷം മദ്യമേഖലവഴി നടത്തുന്നത്. സ്പിരിറ്റ് കമ്പനികളിൽ പലതും കോൺഗ്രസ് നേതാക്കൾ നേരിട്ടോ ബിനാമികൾ വഴിയോ നടത്തുന്നതാണ്. ഇഎൻഎയ്ക്കും എഥനോളിനും മാത്രമായി കേരളത്തിൽ നിന്ന് പോകുന്ന 3000 കോടിയിൽ നല്ലൊരു ശതമാനവും ഇവരിലാണെത്തുന്നത്. 2.25 കോടി ലിറ്റർ സ്പിരിറ്റ് കർണാടകത്തിൽ നിന്ന് മാത്രം ഇറക്കുന്നുണ്ട്. അത് കുറയുന്നതാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർക്ക് പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പിനടക്കം കർണാടകത്തിൽ നിന്നാണ് കെപിസിസിക്ക് കോടികളെത്തിയത്.
കൂടുതൽ സ്പിരിറ്റ് എത്തിക്കുന്ന ഹർഷ ഷുഗേഴ്‌സ് നടത്തുന്നത് കർണാടകയിലെ ഏക വനിത മന്ത്രിയും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ ലക്ഷ്‌മി ഹെബ്ബൽകർ, എംഎൽസി ഛന്നാരാജ് ഹട്ടിഹോളി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മൃണാൽ ഹെബ്ബൽകർ എന്നിവരാണ്.
വൻകിട ഷുഗർമില്ലുകളുടെ ഉടമയായ എക്‌സൈസ് മന്ത്രി ആർ ബി തിമ്മപ്പൂരിനെതിരെ ഉയർന്നത് ബ്രൂവെറി, ബാർ ലൈസൻസ് അഴിമതി കേസിൽ പ്രതിവർഷം ആയിരം കോടിയുടെ വെട്ടിപ്പ്. അനധികൃതമായി 1000 ലൈസൻസ് നൽകി 700 കോടി തട്ടിച്ചതിന്റെയും കോൺഗ്രസ് നേതാക്കൾക്ക് പ്രതിവർഷം 180 കോടി കൈക്കൂലി നൽകിയതിന്റേയും തെളിവ് വൈൻ മർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു.
ഇവർ സമരം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്.
തെരഞ്ഞെടുപ്പ് കമീഷനിൽ 1413 കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ടവരാണ് ഖനി, റിയൽ എസ്‌റ്റേറ്റ്, മദ്യ മേഖലയിലെ വൻകിടക്കാർ. എട്ട് കോടിയുടെ ആസ്തിയിൽ നിന്നാണ് ലക്ഷ്‌മി ഹെബ്ബൽകർ 300 കോടി രൂപ മുതൽമുടക്കുള്ള മദ്യക്കമ്പനി തുടങ്ങിയത്. കള്ളപ്പണ കേസിൽ ശിവകുമാർ 2019ൽ അറസ്‌റ്റിലായി തിഹാർ ജയിലിൽ കിടന്ന കേസിലും ഹെബ്ബൽകറിനെ ചോദ്യം ചെയ്തിരുന്നു.









0 comments