ad
Deshabhimani

print edition പണപ്പിരിവുമുതൽ വാജിവാഹനക്കടത്ത് വരെ ; കോൺഗ്രസ് 
നേതാക്കൾക്ക് കുരുക്ക്

v d satheesan
വെബ് ഡെസ്ക്

Published on Feb 10, 2026, 02:45 AM | 1 min read


തിരുവനന്തപുരം

യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്‌ ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതിൽ വിജിലൻസ് അന്വേഷത്തിന് ഹൈക്കോടതി ഉത്തരവിട്ടത്‌ കോൺഗ്രസ് നേതാക്കൾക്ക് കുരുക്കാകും. സ്വർണക്കൊടിമരം നിർമിക്കാനെന്നപേരിൽ പണവും സ്വർണവും പിരിച്ചതും കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്ക് കൈമാറിയതും അന്വേഷിക്കും. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതിന്റെ തെളിവുകൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. മുൻ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിലിനെയും തന്ത്രി കണ്‌ഠര്‌ രാജീവരെയും എസ്ഐടി ചോദ്യം ചെയ്യും. ഗൂഢാലോചന വ്യക്തമായാൽ പ്രതിചേർക്കും. 2017 ഫെബ്രുവരിയിൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റായിരിക്കെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും 2012ലെ മുൻ ബോർഡ് ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രിക്ക് നൽകിയതും.


പ്രയാർ ഗോപാലകൃഷ്‌ണൻ 2022ൽ മരിച്ചതിനാൽ അജയ് തറയിലിനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. പുതിയ കൊടിമരം നിർമിക്കാൻ 3.20 കോടി രൂപ ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്സ് ഗ്രൂപ്പിൽനിന്ന്‌ ലഭിച്ചിട്ടും അന്നത്തെ ബോർഡ് രണ്ടരക്കോടിയിലേറെ രൂപ പിരിച്ചതായാണ് വിവരം. പിരിച്ചെടുത്തപണം നേതാക്കൾ പങ്കുവച്ചതായി സംശയിക്കുന്നു. വാജിവാഹനം തന്ത്രി കണ്‌ഠര്‌ രാജീവർക്ക് നൽകിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നിഗമനം. വാജി വാഹനം തന്ത്രിക്ക് കൈമാറുന്നതിന്‌ ഹൈക്കോടതിയുടെ അനുമതിയും തേടിയില്ല. പാരമ്പര്യവും ആചാരവും അനുസരിച്ച് വാജിവാഹനം തന്ത്രിക്ക് കൈമാറിയെന്ന് അഡ്വക്കറ്റ് കമീഷണർ ആയിരുന്ന എഎസ്‌പി കുറുപ്പ് പിന്നീട്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടികൾ മൂല്യമുള്ള വാജിവാഹനം ദേവസ്വം സ്വത്തായി നിലനിർത്തണമെന്ന ദേവസ്വം ഉത്തരവ് അഡ്വക്കറ്റ് കമീഷണർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താത്തതിന്റെ കാരണവും അന്വേഷണപരിധിയിൽ വരും.


പഞ്ചലോഹത്തിൽ നിർമിച്ച് തങ്കം പൊതിഞ്ഞ 11 കിലോ ഭാരമുള്ള വാജിവാഹനം തന്ത്രിയുടെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ആന്ധ്രയിലെ വ്യവസായിക്ക് നൽകിയ വാജിവാഹനം അടുത്തിടെ തിരികെവാങ്ങി വീട്ടിൽ വയ്ക്കുകയായിരുന്നെന്നാണ് നിഗമനം. 1971ൽ നിർമിച്ച കോൺക്രീറ്റ് അടിത്തറയുള്ള കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചത് ചിതലരിച്ചുവെന്ന്‌ പറഞ്ഞാണ്. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റാൻ ഗൂഢാലോചന നടന്നത്. ഇത് മാറ്റിസ്ഥാപിക്കുമ്പോൾ കേടുപാടുള്ളതായി കണ്ടെത്തിയിരുന്നില്ല. കൊടിമരം പൊതിഞ്ഞ സ്വർണത്തെക്കുറിച്ചും വിവരമില്ല. കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്നാണ് സംശയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home