പത്രപ്പരസ്യത്തില്‍ വിറളി പൂണ്ട് കോണ്‍ഗ്രസ് നേതൃത്വം

വി ഡി സതീശന്‍, സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല
പത്ത് വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങളും യുഡിഎഫ് ഭരണകാലവും താരതമ്യം ചെയ്ത് പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ വിറളി പൂണ്ട് കോണ്‍ഗ്രസ് നേതൃത്വം. പൂട്ടലിന്‍റെ വക്കില്‍ കെഎസ്ആര്‍ടിസി, നാല്‍പ്പത് ശതമാനം സ്കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ലോഡ് ഷെഡ്ഡിങ് , ഇടമണ്‍-കൊച്ചി ട്രാന്‍സിമിഷന്‍ ലൈന്‍ അനിശ്ചിതത്വത്തില്‍, മരുന്നില്ലാതെ ആശുപത്രികള്‍, ശമ്പളം നല്‍കാന്‍ എല്‍ഐസിയില്‍ നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍, കുട്ടികള്‍ പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം, ദേശീയപാത വികസനം മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനം ട്രഷറി കാലി, വില കുതിക്കുന്നു നോക്കുകുത്തിയായി സിവില്‍ സപ്ലൈസ്, ടാറിനും കുടിശ്ശിക; റോഡ് പണി നിലച്ചു, തുടങ്ങിയ വാര്‍ത്തകളാണ് ഒന്നാം പേജില്‍ നല്‍കിയത്, അടുത്ത പേജില്‍ കൊടുത്തത് ഇതേ മേഖലകളില്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വന്ന മാറ്റങ്ങളുമാണ്. പരസ്യത്തിലൂടെ യുഡിഎഫ് ഭരണകാലത്തെ ആ ഇരുണ്ട നാളുകള്‍ വീണ്ടും ജനങ്ങളിലേയ്ക്ക് എത്തിയതിന്‍റെ അങ്കലാപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ആടി ഉലയുകയാണ്. പരസ്യം ചെയ്ത പിആര്‍ഡിയെ 'തൂക്കിലേറ്റ'ണമെന്നാണ് പ്രതിപക്ഷത്തിന്‍റെ മുറവിളി.
പരസ്യങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നു. കൂടാതെ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യ ഭീഷണിയും മുഴക്കി. പിആര്‍ഡി എത്രത്തോളം അധഃപതിച്ചു എന്നതിന് ഉദാഹരണമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യമെന്നും യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഈ പരസ്യം നല്‍കിയതിന് ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്നും സതീശന്‍ പറയുന്നു.
പരസ്യങ്ങള്‍ നല്‍കുമ്പോള്‍ മര്യാദ പാലിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പിആര്‍ഡിയുടെ പണം ജനങ്ങളുടെ പണമാണെന്നും പിണറായി വിജയന്‍റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്നത് അല്ലല്ലോ എന്നും ചെന്നിത്തല ആരോപിക്കുന്നു. കൂടാതെ, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പരസ്യം നല്‍കിയ പിആര്‍ഡി ഉദ്യോഗസ്ഥര്‍ ആരും പെന്‍ഷന്‍ വാങ്ങിക്കാന്‍ പോകുന്നില്ല എന്ന് രമേശ് ചെന്നിത്തല ഭീഷണി മുഴക്കി.
ഇത്തരത്തില്‍ പരസ്യം നല്‍കിയത് ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണത്തിന്‍റെ ഭാഗമാണെന്നാണ് കെ സി വേണുഗോപാലിന്‍റെ പക്ഷം. സര്‍ക്കാരിന്‍റെ 'ധൂര്‍ത്തി'നെതിരെ ജനം കൃത്യമായ മറുപടി നല്‍കുമെന്നും കെ സി വേണുഗോപാല്‍ പറയുന്നു. അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ എന്ന് മാത്രം പറയുന്ന പരസ്യം എങ്ങനെ ഉമ്മന്‍ചാണ്ടിക്ക് മാത്രം എതിരെയാകുന്നതെന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.
രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും പാതയിലാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഷിബു ബേബി ജോണിന്‍റെയും വാദം. പരസ്യം നല്‍കി ജനങ്ങളെ കൈയ്യില്‍ എടുക്കാമെന്ന് കരുതേണ്ട എന്നും പറഞ്ഞു വെയ്ക്കുന്നു.
ജനങ്ങളുടെ നികുതി പണം എടുത്തല്ല പരസ്യം ചെയ്യേണ്ടത്, എകെജി സെന്‍ററില്‍ നിന്നും പണം എടുത്ത് പരസ്യം ചെയ്യട്ടെ എന്ന് ഷാഫി പറമ്പിലും ആരോപിക്കുന്നു.
ദുഷ്ടലാക്കോടെയാണ് പരസ്യം നല്‍കിയതെന്നാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ആരോപണം. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്നും വാദിക്കുന്നു. കുല്‍സിത പരസ്യത്തിലൂടെ സര്‍ക്കാര്‍ പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നു എന്നും സണ്ണി ജോസഫ് ആരോപിക്കുന്നു.
അഞ്ച് വര്‍ഷത്തില്‍ പരസ്യത്തിന് മാത്രമായി യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ച തുക നാല്‍പ്പത്തിയൊന്ന് കോടി രൂപയാണ്. ഇതില്‍ വരുത്തിയ കുടിശ്ശിക തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ് തീര്‍ത്തതെന്ന കണക്കുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. പരസ്യത്തിന്‍റെ പേരില്‍ പിആര്‍ഡിയെ തൂക്കിലേറ്റാന്‍ തുനിയുന്ന കോണ്‍ഗ്രസ് നേതൃത്വം ഈ കണക്കുകളും കൂടി പരിശോധിക്കണമെന്നാണ് ഉയരുന്ന വിമര്‍ശനം.










0 comments