ad
Deshabhimani

print edition 24 കസേര 
45 പേരുടെ നെട്ടോട്ടം

congres minister fight
avatar
മിൽജിത്‌ രവീന്ദ്രൻ

Published on May 07, 2026, 12:07 AM | 2 min read

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള പോരിനൊപ്പം മന്ത്രിസ്ഥാനത്തിനായുള്ള വടംവലികളും തുടങ്ങി. അവകാശവാദവുമായി വിജയികളും സാമുദായിക നേതാക്കളുംവരെ രംഗത്തെത്തി. മന്ത്രിസഭയിൽ അർഹമായ സ്‌ത്രീ പ്രാതിനിധ്യം വേണമെന്ന്‌ പറഞ്ഞ ഷാനി മോൾ ഉസ്‌മാൻ, വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുലിന്റെ പരാമർശം ഓർമിപ്പിച്ച്‌ കോൺഗ്രസ്‌ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഐ സി ബാലകൃഷ്‌ണനു പുറമെ, സി പി ജോൺ അടക്കമുള്ള ഘടകകക്ഷി നേതാക്കളും രംഗത്തെത്തി.


മുസ്ലിംലീഗിലടക്കം സ്ഥാനമോഹവുമായി ഒട്ടേറെപേർ അണിയറനീക്കം തുടങ്ങി. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ, സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ്‌ വിപ്പ്‌ എന്നിങ്ങനെ 24 കസേരകൾക്കായി നാൽപ്പത്തഞ്ചിലേറെ പേരാണ്‌ രംഗത്തുള്ളത്‌. മത, സാമുദായിക, ഗ്രൂപ്പ്‌ പരിഗണനകളും ജില്ലാ പ്രാതിനിധ്യവും ചൂണ്ടിക്കാട്ടിയാണ്‌ നീക്കം. മന്ത്രിസ്ഥാനത്ത്‌ ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്ന്‌ സി പി ജോൺ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.

ഉപമുഖ്യമന്ത്രിയടക്കം ആറ്‌ മന്ത്രിസ്ഥാനമാണ്‌ ലീഗിന്റെ ആവശ്യം. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും വേണം. രണ്ട്‌ മന്ത്രിസ്ഥാനവും ചീഫ്‌ വിപ്പുമാണ്‌ കേരള കോൺഗ്രസിന്റെ ആവശ്യം. ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ്‌ ജേക്കബ്‌ എന്നിവരെ മന്ത്രിമാരാക്കേണ്ടിവരും. മാണി സി കാപ്പൻ, ജി സുധാകരൻ എന്നിവരും രംഗത്തുണ്ട്‌. കെ കെ രമയ്‌ക്കുംവേണം ഏതെങ്കിലും പദവി.


മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്‌പീക്കർ സ്ഥാനവുമാണ്‌ കോൺഗ്രസ്‌ ഉന്നമിടുന്നത്‌. ഇരുപത്തഞ്ചോളം പേർ രംഗത്തുണ്ട്‌. കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ എന്നിവർ മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്നു. സണ്ണി ജോസഫ്‌, കെ മുരളീധരൻ, എ പി അനിൽകുമാർ, എൻ ശക്തൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി സി വിഷ്‌ണുനാഥ്‌, ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ, രമ്യ ഹരിദാസ്‌, ഐ സി ബാലകൃഷ്‌ണൻ, ടി സിദ്ദിഖ്‌, കെ ജയന്ത്‌, കെ പ്രവീൺകുമാർ, ആര്യാടൻ ഷ‍ൗക്കത്ത്‌, റോജി എം ജോൺ, അൻവർ സാദത്ത്‌, മുഹമ്മദ്‌ ഷിയാസ്‌, മാത്യു കുഴൽനാടൻ, റോയി കെ പ‍ൗലോസ്‌, ചാണ്ടി ഉമ്മൻ, എം ലിജു, എം വിൻസന്റ്‌ എന്നിവരാണ്‌ മന്ത്രിസ്ഥാനങ്ങൾക്കായി രംഗത്തുള്ളത്‌.


ലീഗ്‌ മന്ത്രിമാർ മലപ്പുറത്തുനിന്ന്‌ മാത്രമൊതുങ്ങരുതെന്ന ആവശ്യവുമായി എൻ ഷംസുദീൻ (മണ്ണാർക്കാട്‌), പാറയ്‌ക്കൽ അബ്ദുള്ള (കുറ്റ്യാടി), എ കെ എം അഷ്‌റഫ്‌ (മഞ്ചേശ്വരം), വി ഇ അബ്ദുൾ ഗഫൂർ (കളമശേരി) എന്നിവർ ചരടുവലി തുടങ്ങി. മലപ്പുറം ജില്ലയിൽനിന്നുള്ള പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, മഞ്ഞളാംകുഴി അലി, കെ എം ഷാജി, ടി വി ഇബ്രാഹിം, ആബിദ്‌ ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്‌തീൻ എന്നിവരിൽ പലരും മന്ത്രിക്കുപ്പായം ഉറപ്പിച്ച മട്ടാണ്‌.


ഉമ്മൻചാണ്ടി മന്ത്രിസഭയിലേതുപോലെ പട്ടികജാതി–പട്ടികവർഗ വകുപ്പുകൾ വിഭജിച്ച്‌ തന്നെ പട്ടികവർഗ വകുപ്പ്‌ മന്ത്രിയാക്കണമെന്ന ആവശ്യം സുൽത്താൻ ബത്തേരിയിൽനിന്ന് വിജയിച്ച ഐ സി ബാലകൃഷ്‌ണൻ പരസ്യമായി ഉന്നയിച്ചു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സീനിയർ എംഎൽഎ താനാണെന്ന്‌ ബാലകൃഷ്‌ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


തുടർച്ചയായി നാലാം തവണ എംഎൽഎയായ തനിക്ക്‌ മന്ത്രി സ്ഥാനത്തിന്‌ അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീനിയറായ തനിക്ക് മന്ത്രിയാകാൻ യോഗ്യത ഉണ്ടെന്ന് ചടയമംഗലത്തുനിന്നും വിജയിച്ച എം എം നസീറും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home