Deshabhimani

അങ്കംവെട്ടി സുധാകരനും ഉണ്ണിത്താനും

print edition അതൃപ്‌തി, അവിശ്വാസം

kpcc
വെബ് ഡെസ്ക്

Published on Oct 23, 2026, 01:11 AM | 1 min read

കണ്ണൂർ: വി ഡി സതീശന്റെ ഇംഗിതപ്രകാരം, പരസ്യ പ്രസ്‌താവന പാടില്ലെന്ന്‌ വാർത്താസമ്മേളനം വിളിച്ച്‌ പറഞ്ഞ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ വെട്ടിലായി. പ്രസ്‌താവന നടത്തി 24 മണിക്കൂർ കഴിയുംമുന്പേ, പ്രസിഡന്റ്‌ വാർത്താസമ്മേളനം നടത്തിയ അതേ കണ്ണൂരിൽ മുൻ പ്രസിഡന്റ്‌ കെ സുധാകരൻ വെടിപൊട്ടിച്ചിരുന്നു. വി ഡി സതീശനുവേണ്ടി സണ്ണി ജോസഫ്‌ ചാവേറാകുന്നു എന്നാണ്‌ കണ്ണൂരിലെ സുധാകരൻ അനുകൂലികൾ പറയുന്നത്‌.


സണ്ണിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ എത്തിച്ച കെ സുധാകരനെ നിയന്ത്രിക്കാൻ തൽക്കാലം ആരും മുതിരേണ്ടതില്ലെന്ന നിലപാടാണ്‌ സുധാകരപക്ഷത്തിന്‌. മന്ത്രിയായശേഷം വി ഡി സതീശന്റെ പ്രീതി നേടാനായി സണ്ണി, ഗോഡ്‌ഫാദറെ വെല്ലുവിളിക്കുന്നുവെന്നും അവർ പറയുന്നു. സുധാകരന്റെ അടുപ്പക്കാർ സമൂഹമാധ്യമങ്ങളിൽ ഇതെല്ലാം പ്രചരിപ്പിക്കുന്നുമുണ്ട്‌.


സണ്ണിയെ പരസ്യമായി അവഹേളിച്ച്‌ സുധാകരൻ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നതോടെ കാര്യം കൈവിട്ടു. തന്നെ പുകച്ചുപുറത്തുചാടിച്ചപ്പോൾ പക്ഷംപറയാൻ ആരെയും കണ്ടില്ലെന്നും സർക്കാരിന്റെ തെറ്റായ പോക്കിനെ വിമർശിക്കുന്നത്‌ അച്ചടക്കലംഘനമാണെന്ന വ്യാഖ്യാനം അനുവദിക്കില്ലെന്നുമാണ്‌ സുധാകരൻ പറയുന്നത്‌.


കെ സുധാകരനെ പുറത്തുചാടിച്ചതുപോലെ തന്നെയും ഒതുക്കാനാണ്‌ നീക്കം എന്ന അടൂർ പ്രകാശിന്റെ പ്രസ്‌താവനയാണ്‌, ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വരാൻ സുധാകരനെ പ്രേരിപ്പിച്ചത്‌. വി ഡി സതീശനെയും അനുകൂലിക്കുന്നവരെയും പരസ്യമായി സമ്മർദത്തിലാക്കുകയെന്ന തന്ത്രമാണ്‌ മുതിർന്ന നേതാക്കൾ നടത്തുന്നത്‌. ഇതിനെ അച്ചടക്ക ലംഘനം എന്ന്‌ വിശേഷിപ്പിക്കുന്നതല്ലാതെ, പ്രതികരിക്കാൻപോലും പറ്റാത്ത ഗതികേടിലാണ്‌ സണ്ണി ജോസഫ്‌.


പാർടിയെയും സർക്കാരിനെയും അവഹേളിക്കുന്നത്‌ അംഗീകരിക്കില്ലെന്നുപറഞ്ഞ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തുവന്നതും ബോധപൂർവമാണ്‌. പാർടിയെ സംരക്ഷിക്കുന്നു എന്ന ലേബലിൽ, കെ സുധാകരനെയും കെ മുരളീധരനെയുമാണ്‌ ഉണ്ണിത്താൻ ലക്ഷ്യമിടുന്നത്‌. സുധാകരന്‌ ബാധകമാത്ത അച്ചടക്കലംഘനം മറ്റുള്ളവർക്ക്‌ എങ്ങനെ ബധകമാകുമെന്നാണ്‌ ഉണ്ണിത്താന്റെ ചോദ്യം. യുഡിഎഫ്‌ സർക്കാർ വന്നശേഷം മുതിർന്ന നേതാക്കളിൽ ഉടലെടുത്ത അതൃപ്‌തിയും അവിശ്വാസവും പരിധിവിട്ട നിലയാണിപ്പോൾ. അത്‌ നിയന്ത്രിക്കാൻ പാർടി സംവിധാനം ഇല്ലാത്തതിന്റെ രോഷവും ചില നേതാക്കൾ പ്രകടിപ്പിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home