ad
Deshabhimani

ആ ഫോട്ടോ വ്യാജമല്ലെന്ന് കോൺ​ഗ്രസ് നേതാവ്; പിന്നെന്തിന് ഡിലീറ്റ് ചെയ്തെന്ന ചോദ്യത്തിന് ഉത്തരമില്ല

 N Subrahmanian

എൻ സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 12:39 PM | 1 min read

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിൽക്കുന്ന എഐ ചിത്രം വ്യാജ ചിത്രം പ്രചരിപ്പിച്ചതിൽ ന്യായീകരണവുമായി കോൺ​ഗ്രസ് രാഷ്ട്രീയകാര്യസമിതിയം​ഗം എൻ സുബ്രഹ്മണ്യൻ. താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതും യഥാർത്ഥചിത്രമാണെന്ന് സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചതിന് എടുത്ത കേസിൽ ചോദ്യംചെയ്യലിന് ഹാജരായശേഷമായിരുന്നു സുബ്രഹ്മണ്യന്റെ പ്രതികരണം.


വ്യാജ ഫോട്ടോ എവിടെനിന്നും ലഭിച്ചു എന്ന ചോദ്യത്തിന് സോഷ്യൽമീഡിയയിൽനിന്ന് കിട്ടിയതാണെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. പിന്നെ എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു എന്ന് മാധ്യമങ്ങൾ‌ ചോദിച്ചപ്പോൾ മറ്റൊരു ഫോട്ടോ മതിയെന്ന് തനിക്ക് തോന്നിയതുകൊണ്ടാണെന്നും കുറേക്കൂടി ഭം​ഗി അതിനാണെന്നും ആയിരുന്നു കോൺ​ഗ്രസ് നേതാവിന്റെ മറുപടി. ഡിലീറ്റ് ചെയ്ത ചിത്രത്തിന് പ്രശ്നങ്ങളുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ലെന്നും സുബ്രഹ്മണ്യൻ ആവർത്തിച്ചു.


മുഖ്യമന്ത്രിയോട്‌ സംസാരിക്കുന്നതായുള്ള ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വ്യാജചിത്രം എഐ സഹായത്തോടെ നിർമിച്ച്‌ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്‌ സുബ്രമണ്യനാണ്‌. ഔദ്യോഗിക പരിപാടിയുടെ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തും വെട്ടിമാറ്റിയുമാണ്‌ പ്രചരിപ്പിച്ചത്‌. ചടങ്ങിന്റെ യഥാർഥ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം പാളി.


മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നൽകിയ നിവേദനത്തെത്തുടർന്ന്, ബംഗളൂരു ഭീമ ഗോൾഡ് കേരള പൊലീസിന് ആംബുലൻസ് കൈമാറുന്ന ചടങ്ങാണ് വളച്ചൊടിച്ചത്. കഴിഞ്ഞ ആഗസ്ത് 20ന് സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിലായിരുന്നു പരിപാടി. സംസ്ഥാന പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖർ, ഭീമ ഗോൾഡ് ഡയറക്ടർ വിഷ്ണുശരൻ കെ ഭട്ട്, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തുടങ്ങിയവരും പങ്കെടുത്തു. സ്പോൺസർമാരോടൊപ്പം എത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റി ഇതിനിടെ കയറിനിൽക്കുകയായിരുന്നു. പോറ്റിയോട്‌ മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റുകയും എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുകയുമാണ് ചെയ്തത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തി എന്ന പച്ചക്കള്ളമാണ് യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home