ad
Deshabhimani

‘ലക്ഷ്യം 2026’ ക്യാമ്പ്: കോൺഗ്രസ്‌ നേതാക്കൾ ചുരം കയറുന്നത്‌ വയനാട്ടുകാരെ ചതിച്ച്‌

Wayanad.jpg
വെബ് ഡെസ്ക്

Published on Jan 03, 2026, 03:06 PM | 3 min read

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാക്കൾ വയനാട്‌ ചുരം കയറുന്നത്‌ കൊടുംവഞ്ചനയുടെ കറയുമായി. തങ്ങൾക്ക്‌ വാഗ്‌ദാനം നൽകിയ വീടും അതിനായി പിരിച്ച പണവും എവിടെയെന്ന്‌ മുണ്ടക്കൽ ചൂരൽമലയിലെ നിരാലംബരായ കുടുംബങ്ങളുടെ ചോദ്യത്തിന്‌ ‘ലക്ഷ്യം 2026’ ക്യാമ്പിനായി വയനാട്‌ എത്തുന്ന വി ഡി സതീശനും കൂട്ടരും മറുപടി പറയേണ്ടി വരും.


ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെയുള്ള വയനാട്ടിലെ കോൺഗ്രസ്‌ നേതാക്കളുടെ നിയമന കോഴയിൽ ബലിയാടായി ജീവിതം അവസാനിപ്പിച്ച ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിന്‌ നേതാക്കൾ എന്തു മറുപടിയ പറയുമെന്നും അണികൾ ചോദിക്കുന്നു.


തട്ടിപ്പുകാരായ വയനാട്ടിലെ നേതാക്കളാണ്‌ ക്യാമ്പിന് ആഥിത്യമരുളുന്നത്‌. ‘കേരളം ഭരിക്കും’ എന്ന്‌ നടക്കാത്ത മോഹവുമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ സുൽത്താൻ ബത്തേരിയിലാണ് കോൺഗ്രസ്‌ നേതാക്കൾ ക്യാമ്പ് ചെയ്യുന്നത്‌. കെസി വേണുഗോപാലിനെ പോലുള്ള വലിയ നേതാക്കൾ ഒത്തുകൂടുന്ന ക്യാമ്പ് അവർക്ക്‌ തന്നെ ബൂമറാങാകും.


കോൺഗ്രസ്‌ നേതാക്കൾ വയനാട്‌ എത്തുമ്പോൾ ആദ്യം മറുപടി പറയേണ്ടത്‌ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന പദ്ധതി തട്ടിപ്പിനാണ്‌. ഇതൊരു ചെറിയ തട്ടിപ്പല്ല, കോടികളുടേതാണ്‌. 100 വീടാണ്‌ കെപിസിസി വാഗദാനം ചെയ്‌തത്‌. 100 വീട്‌ രാഹുൽ ഗാന്ധിയും വാഗ്‌ദാനം ചെയ്‌തു.


യൂത്ത് കോൺഗ്രസും 30 വീട്. പണം പിരിവിന് ആപ്പ് വരെയുണ്ടാക്കി. എന്നാൽ ആപ്പ്‌ വഴിയുള്ള പിരിവ്‌ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ‘ആപ്പായി’. യൂത്ത്‌ കോൺഗ്രസിലെ ചിലർ കണക്ക്‌ ചോദിച്ചതോടെയാണ്‌ ആപ്പ്‌ മുക്കിയത്‌. ഒരു വീടിന്‌ പോലും കോൺഗ്രസ്‌ സ്ഥലം വാങ്ങിയില്ല. സംഭവം വിവാദമായതോടെ കോൺഗ്രസ്‌ സ്ഥാപക ദിനമായ ഡിസംബർ 28ന്‌ നിർമാണം ആരംഭിക്കുമെന്ന്‌ ടി സിദ്ദീഖ്‌ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.


സ്ഥാപകദിനം കടന്നുപോയി. പക്ഷേ, ഒരു കുറ്റിപോലും എത്ര പരതിയിട്ടും വയനാട്ടുകാർ കണ്ടില്ല. സ്ഥലം ഏറ്റെടുത്തു എന്നാണ്‌ ഇപ്പോൾ കോൺഗ്രസ്‌ നേതാക്കൾ പറയുന്നത്‌. എവിടെ, ഏത്‌ സ്ഥലം എന്ന്‌ ചോദിക്കുമ്പോൾ ശങ്കരാടി കാണിച്ചത് പോലെ ഉയർക്കാണിക്കാൻ പോലും സ്ഥലമെടുത്തതിന്റെ ഒരു രേഖയും കോൺഗ്രസ് നേതാക്കളുടെ കൈവശം ഇല്ലെന്നതാണ് വാസ്തവം.


ഡിവൈഎഫ്ഐ വയനാട് ദുരന്തബാധിതർക്കായി 25 വീട് നിർമിച്ചുനൽകും എന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് 30 വീട് നിർമിച്ചുനൽകും എന്ന പ്രഖ്യാപനവുമായി മുന്നോട്ടുവന്നതും വെള്ളത്തിലായി. ദുരന്തമുണ്ടായി ഒരു വർഷം തികയും മുൻപ് തന്നെ വാഗ്ദാനം ചെയ്തതിൽ നിന്നും ഇരട്ടിയിലധികമായി, 100 വീടുകൾ നിർമിക്കാനുള്ള പണവും ധാരണാപത്രവും ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് കൈമാറി.


അപ്പോഴും ഒരു വീടിനുപോലുമുള്ള ഫണ്ട് കൃത്യമായി ‘സമാഹരിക്കാൻ’ യൂത്ത് കോൺഗ്രസിന് കഴിഞ്ഞില്ല. ഫണ്ട് മുക്കലിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ചോദ്യങ്ങൾ നേരിട്ടുതുടങ്ങിയ സാഹചര്യത്തിലാണ് അക്കാലത്തെ സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം എന്നീ പരാതികളെത്തുടർന്ന് പുറത്താക്കിയത്.


പുതിയ അധ്യക്ഷനായി ജനീഷ്‌ എത്തി. എന്നാൽ തൃശൂർ ജില്ലാ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡണ്ടായിരുന്ന ജിനീഷിനെതിരെ ഫണ്ട്‌ പിരിവുമായി ബന്ധപ്പെട്ട്‌ തൃശൂർ ഡിസിസി അം​ഗമായ ജെലിൻ ജോർജ് എഐസിസിക്ക്‌ പരാതി നൽകിയിരുന്നു. തൃശൂർ ജില്ലാ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെ വയനാട് ദുരന്തബാധിതർക്കെന്ന പേരിൽ സമ്മാനക്കൂപ്പൺ അച്ചടിച്ച് പിരിച്ചെടുത്ത തുകക്ക്‌ യാതൊരു കണക്കുമില്ല എന്നാണ്‌ പരാതി.


താനുൾപ്പെടെയുള്ള പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു പൈസപോലും ദുരന്തബാധിതർക്കായി നൽകാൻ ജനീഷ് തയ്യാറായില്ലെന്നും ഐസിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നൽകിയ പരാതിയിൽ പറയുന്നു. കോൺഗ്രസ്‌ നേതാക്കളുടെ മറ്റൊരു വലിയ തട്ടിപ്പാണ്‌ സഹകരണ ബാങ്ക്‌ നിയമന കോഴ.


ഇതിന്റെ ബലിയാടായാണ്‌ വയനാട് ഡിസിസി ട്രഷററും ജില്ലയിലെ മുതിർന്ന നേതാവുമായിരുന്ന എൻ എം വിജയനും ഇളയമകൻ ജിജേഷും ജീവനൊടുക്കിയത്‌. തട്ടിപ്പിനിരയായവർക്ക്‌ പണം തിരികെ നാൽകാമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ വാഗ്‌ദാനം ചെയ്‌തതാണ്‌. എന്നാൽ ആ വാക്ക്‌ പാലിച്ചില്ല. ഒടുവിൽ സമ്മർദം സഹിക്കാനാകാതെ വിജയനും മകനും ജീവനൊടുക്കി. കേസിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമർപിച്ചു.


വിജിലൻസ്‌ അന്വേഷണവും നടക്കുന്നുണ്ട്‌. നാളെ വയനാട്‌ സംഗമിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ അവരുടെ മരണത്തിന്‌ എന്ത്‌ മറുപടി പറയുമെന്ന ചോദ്യം അണികളിൽനിന്ന്‌ ഉയരുന്നു. ഈ സംഭവവികാസങ്ങൾക്കൊടുവിലാണ് വീണ്ടും വയനാട്ടിലെ ജനങ്ങൾക്കിടയിലേക്ക് ചെന്ന് 'ലക്ഷ്യം 2026' എന്ന പേരുമിട്ട് ക്യാമ്പ് നടത്താനുള്ള ധൈര്യവും തൊലിക്കട്ടിയും കെപിസിസി കാണിക്കുന്നത്.


നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുക, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടേണ്ട രാഷ്ട്രീയ വിഷയങ്ങൾ നിശ്ചയിക്കുക, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക കൂടിയാലോചനകൾ നടത്തുക എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.


എന്നാൽ ഒറ്റ രാത്രികൊണ്ട് സ്വന്തം ഉറ്റവരും നാടും ഒലിച്ചുപോയ ഒരു ജനതയ്ക്ക് നൽകാനുള്ള പണത്തിൽ നിന്നുപോലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കോൺഗ്രസ് എന്തൊക്കെ യോഗം ചേർന്നിട്ടും എന്താണ് പ്രയോജനമെന്നാണ് ജനങ്ങൾ തന്നെ ചോദിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home