Deshabhimani

മുഖ്യമന്ത്രിയെ തള്ളാതെ ഹൈക്കമാൻഡ്‌

print edition പുനഃസംഘടന മരവിപ്പിച്ചു

v d satheesan
avatar
പ്രത്യേക ലേഖകൻ

Published on Sep 17, 2026, 12:11 AM | 1 min read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാകാനുള്ള തർക്കം കൈയിൽ നിൽക്കാത്തവിധം വഷളായെന്ന്‌ കണ്ടതോടെ പുനഃസംഘടന മരവിപ്പിച്ച്‌ ഹൈക്കമാൻഡ്‌.

പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ മന്ത്രിയായ സാഹചര്യത്തിൽ ഒഴിയാൻ താൽപ്പര്യം അറിയിച്ചിരുന്നു. പകരം വരുന്നയാളും തന്റെ പക്ഷക്കാരനാകണമെന്ന നിലപാടാണ്‌ കെ സി വേണുഗോപാലിന്‌. സർക്കാരുമായി സഹകരിക്കുന്നയാളാകണമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ രാഹുൽഗാന്ധിയെ കണ്ട്‌ അഭ്യർഥിച്ചിരുന്നു.


ഒറ്റപ്പേരിലേക്കെത്താൻ കേരളത്തിലെ കോൺഗ്രസ്‌ ഗ്രൂപ്പുകൾക്കാകുന്നില്ല. ഉയർന്നുവന്ന പേരുകളിൽ രാഹുൽഗാന്ധി നിശ്ചയിച്ച യോഗ്യതയുള്ളവർ ഇല്ല. ആരെവച്ചാലും പൊട്ടിത്തെറിയും കലാപവുമുണ്ടാകും.


സർക്കാരിനെതിരെ പടവെട്ടുന്നയാളേക്കാൾ നിലവിലുള്ള സംവിധാനമാണ്‌ സതീശന്‌ സ‍ൗകര്യം. പ്രസിഡന്റും രണ്ട്‌ മുൻ പ്രസിഡന്റുമാരും രണ്ട്‌ വർക്കിങ് പ്രസിഡന്റും മന്ത്രിസഭയിൽ ഉണ്ടെന്നതിനാൽ സർക്കാർ–പാർടി ഏകോപനത്തിന്‌ തടസ്സങ്ങളില്ലെന്ന നിലപാട്‌ സതീശൻ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്‌. ഒന്നുകിൽ തനിക്ക്‌ സ്വീകാര്യനായ പ്രസിഡന്റ്‌, അല്ലെങ്കിൽ വേണ്ട എന്ന തന്ത്രപരമായ നീക്കമാണ്‌ സതീശന്റേത്‌.

ബെന്നി ബഹ്‌നാന്‍, കൊടിക്കുന്നില്‍ സുരേഷ്, അജയ് തറയില്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, ശരത്‌ചന്ദ്രപ്രസാദ്‌ തുടങ്ങി പ്രസിഡന്റാകാൻ മത്സരിക്കുന്നവരുടെ നിര നീണ്ടതാണ്‌. ഒടുവിൽ ടി എൻ പ്രതാപനും അവകാശവാദം ഉന്നയിച്ചു.


പത്തുവർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്‌. കെപിസിസിയും ഡിസിസികളും പൂർണമായി അഴിച്ചുപണിയണം. പുതിയ നേതാക്കളെ നേതൃനിരയിൽ കൊണ്ടുവരണം. പാർടി സംവിധാനം തകർന്നു കിടക്കുകയാണ്‌. മരിച്ച വീടിന്റെ അവസ്ഥയാണ്‌ കെപിസിസി ഓഫീസിന്‌പോലുമെന്നും നേതാക്കൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home