'ബ്രൂവറി വന്നാൽ കർണാടക ലോബിയുടെ ലാഭം കുറയും, അതല്ലേ എതിർപ്പ്'; പ്രതിപക്ഷത്തോട് പി പി ചിത്തരഞ്ജൻ

തിരുവനന്തപുരം> കേരളത്തിൽ ബ്രൂവറി തുടങ്ങിയാൽ കർണാടകത്തിലെ ഡിസ്റ്റിലറി ഉടമകൾക്ക് നഷ്ടമുണ്ടാകുമെന്നും അതാണ് കേരളത്തിലെ കോൺഗ്രസ് വിവാദമുണ്ടാക്കുന്നതെന്നും പി പി ചിത്തരഞ്ജൻ നിയമസഭയിൽ പറഞ്ഞു.
കർണാടകത്തെ തൊട്ടാൽ ഇവിടെ പലർക്കും പൊള്ളും. കർണാടകത്തിലെ കോൺഗ്രസിന്റെ കരുത്ത് ഈ ഡിസ്റ്റിലറി ഉടമകളാണ്. ഇവരുടെ പണം കൊണ്ടാണ് കേരളത്തിലെ കോൺഗ്രസും പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്ന് പോയ കുറെ മലയാളികൾ കർണാടകത്തിലെ വലിയ കോൺഗ്രസ് നേതാക്കളും ഡിസ്റ്റിലറി ഉടമകളുമാണ്. ഒരു കാലത്ത് കെപിസിസി ഓഫീസിൽ ചായ വാങ്ങണമെങ്കിൽ അവരുടെ കാശ് വേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2024ലെ സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിൽ എക്സട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. അതിനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. ആയിരത്തിലധികം പേർക്ക് ജോലി കൊടുത്ത് ലാഭമുണ്ടാക്കാൻ കഴിയുന്ന ബ്രൂവറി തുടങ്ങാൻ സംസ്ഥാന സർക്കാരിനറിയാം. കേരളത്തിൽ വ്യവസായ നിക്ഷേപം വളരണം. പുതിയ സ്ഥാപനങ്ങൾ വരണം. മദ്യ വർജനത്തിനായി സർക്കാർ നിരവധി ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
കേരളത്തിൽ ഒമ്പത് ഡിസ്റ്റിലറികളും എട്ട് ബ്ലെൻഡിങ് യൂണിറ്റുകളും രണ്ട് ബ്രൂവറികളും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ടെൻഡർ വിളിക്കാതെ തന്നെയാണ് ആരംഭിച്ചതെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേമത്തിൻമേലുള്ള ചർച്ചയിൽ പി പി ചിത്തരഞ്ജൻ പറഞ്ഞു.










0 comments