ആറന്മുളയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്; അബിൻ വർക്കിക്കെതിരെ പോസ്റ്റർ പ്രതിഷേധം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
‘അബിൻ വർക്കിയെ പത്തനംതിട്ടയിൽ വേണ്ട’ എന്ന വാചകങ്ങളുമായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങിയ വിവിധ സ്ഥലങ്ങളിലും പത്തനംതിട്ട ഡിസിസി ഓഫീസ്, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ കെട്ടിയിറക്കാൻ അനുവദിക്കില്ലെന്ന പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരമാണ് ഇതിലൂടെ പ്രകടമാകുന്നത്. നേരത്തെ നടന്ന ഡിസിസി യോഗത്തിൽ ഭൂരിഭാഗം നേതാക്കളും പരദേശി സ്ഥാനാർത്ഥികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
ഇതിനിടയിലാണ് അബിൻ വർക്കി മണ്ഡലത്തിൽ സജീവമാകാൻ ശ്രമിച്ചത്. ഇത് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. അബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചിരുന്നു.
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ കോൺഗ്രസിനുള്ളിലെ തർക്കം പരസ്യമായത് പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. ഗ്രൂപ്പ് വൈരാഗ്യവും 'കെട്ടിയിറക്കൽ' വിവാദവും ആറന്മുളയിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ട്.










0 comments