ad
Deshabhimani

മധ്യ, തെക്കൻ കേരളത്തിലേക്ക്‌ സ്വാധീനം 
ശക്തിപ്പെടുത്താനാണ്‌ ലീഗിന്റെ സമ്മർദമെന്ന്‌ 
 കെപിസിസി വിലയിരുത്തൽ

print edition ലീഗിന്റെ സമ്മർദത്തിന്‌ 
കീഴടങ്ങരുതെന്ന്‌ ഹൈക്കമാൻഡ്‌

Kozhikode Congress.jpg
വെബ് ഡെസ്ക്

Published on Jan 25, 2026, 01:29 AM | 1 min read


തിരുവനന്തപുരം

സീറ്റ്‌ വച്ചുമാറുന്നതടക്കം മുസ്ലിംലീഗിന്റെ സമ്മർദം ശക്തിപ്പെടുന്നതിൽ കോൺഗ്രസ്‌ ഹൈക്കമാൻഡിന്‌ അതൃപ്‌തി. സീറ്റ്‌ മാറ്റത്തിനും അധിക സീറ്റ്‌ ആവശ്യത്തിനും വഴങ്ങരുതെന്ന്‌ സംസ്ഥാന നേതൃത്വത്തെ താക്കീത്‌ ചെയ്തതായാണ്‌ സൂചന. മധ്യ, തെക്കൻ കേരളത്തിലേക്ക്‌ സ്വാധീനം ശക്തിപ്പെടുത്താനാണ്‌ ലീഗിന്റെ സമ്മർദമെന്നാണ്‌ കെപിസിസിയുടെ വിലയിരുത്തൽ.


മുസ്ലിംലീഗുമായുള്ള കൂട്ടുകെട്ട്‌ ദേശീയതലത്തിൽ കോൺഗ്രസിനെ പ്രയാസപ്പെടുത്തുന്നുണ്ട്‌. അതിനാലാണ്‌ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിച്ചപ്പോൾ ലീഗിന്റെ പച്ചക്കൊടി വിലക്കിയത്. പച്ച ബലൂണുമായാണ്‌ ലീഗ്‌ പ്രവർത്തകർ പ്രകടനത്തിന്‌ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരും കോൺഗ്രസ്‌ പ്രവർത്തകരും പച്ചക്കൊടി പിടിച്ചുവാങ്ങുന്ന ദൃശ്യം പുറത്തുവന്നിരുന്നു.


മലബാറിൽ സീറ്റിനായുള്ള വിലപേശൽ അതിരുകടക്കുന്നുവെന്നാണ്‌ ചില നേതാക്കൾ പറയുന്നത്‌. 2021ൽ 25 സീറ്റിൽ മത്സരിച്ച മുസ്ലിംലീഗ്‌ 15 ൽ ജയിച്ചിരുന്നു. 93 സീറ്റിൽ മത്സരിച്ചിട്ടും കോൺഗ്രസിന്‌ കിട്ടിയത്‌ 21 മാത്രം. ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്നും ചിലത്‌ വച്ചുമാറണമെന്നുമാണ്‌ ലീഗ്‌ ആവശ്യം. കൂടുതൽ സീറ്റ്‌ ആവശ്യപ്പെടുമെന്ന്‌ ജനുവരി അഞ്ചിന്‌ കോഴിക്കോട്‌ ചേർന്ന നേതൃയോഗത്തിനുശേഷം മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി എം എ സലാം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.

കോൺഗ്രസ്‌ മത്സരിച്ചിരുന്ന ഉദുമ, കണ്ണൂർ, കൽപ്പറ്റ, നാദാപുരം, കൊയിലാണ്ടി, കൊച്ചി, പൂഞ്ഞാർ, ഇരവിപുരം എന്നിവയാണ്‌ ലീഗിന്റെ മനസ്സിൽ. എന്നാൽ ആ സീറ്റുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസ്‌ തയ്യാറാകില്ല. 2011ൽ അഞ്ചാം മന്ത്രിക്കായുള്ള ലീഗിന്റെ കലാപവും അതിൽ കീഴടങ്ങിയതും നേതൃത്വം മറന്നിട്ടില്ല.


മുസ്ലിംലീഗിന്റെ സമ്മർദം തടയാനാണ്‌ കേരള കോൺഗ്രസ്‌ എമ്മിനെ മുന്നണിയിലെത്തിക്കാൻ കോൺഗ്രസ്‌ പഠിച്ചപണി നോക്കിയത്‌. എന്നാൽ ചവിട്ടിപ്പുറത്താക്കിയിടത്തേക്ക്‌ തിരിച്ചുപോകില്ലെന്നും എൽഡിഎഫിൽ സംതൃപ്‌തരാണെന്നുമുള്ള ജോസ്‌ കെ മാണിയുടെ മറുപടി കോൺഗ്രസിനെ ഞെട്ടിച്ചു. ആർഎസ്‌പിയിലെ പിളർപ്പും തിരിച്ചടിയാണ്‌. കൂടുതൽ പാർടികളും പ്രമുഖ നേതാക്കളും വരുമെന്നും വിസ്‌മയമാകുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വാദവും പൊളിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home