കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി: തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളെയും കേരളത്തിൽ നിന്നുള്ള എംപിമാരെയുമാണ് ചർച്ചയ്ക്ക് വിളിപ്പിച്ചത്. സംസ്ഥാനത്ത് നിന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, വിഎം സുധീരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയുമായി ശശി തരൂർ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാർട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിൽ തരൂർ അതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ സൂചിപ്പിച്ചിരുന്നു. എന്നാൽ രാഹുലുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ തരൂർ വെളിപ്പെടുത്തിയിരുന്നില്ല.
പാർട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനിൽ വെള്ളിയാഴ്ച കേരള നേതാക്കളുമായി ചർച്ച നടക്കുമെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.











0 comments