കെപിസിസി ലക്ഷ്യമിട്ട് ചാണ്ടി ഉമ്മൻ; ഗ്രൂപ്പ് പോര് തെരുവിൽ, 'ചാണ്ടി നയിക്കട്ടെ' എന്ന് ഫ്ലക്സ് ബോർഡുകൾ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ അധികാരമോഹവും ഗ്രൂപ്പ് പോരും തെരുവ് യുദ്ധത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തെയും മന്ത്രിസ്ഥാനങ്ങളെയും ചൊല്ലിയുള്ള കടിപിടികൾക്ക് പിന്നാലെ കോൺഗ്രസിലെ കലഹം ഇപ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
മന്ത്രിസഭയിൽ നിന്ന് അവസാന നിമിഷം വെട്ടിനിരത്തപ്പെട്ട ചാണ്ടി ഉമ്മന് കെപിസിസി അധ്യക്ഷ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലസ്ഥാന നഗരിയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “കെപിസിസിയെ ചാണ്ടി നയിക്കട്ടെ” എന്നെഴുതിയ വലിയ ഫ്ലക്സ് ബോർഡുകളാണ് തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്നത്.
ചാണ്ടി ഉമ്മന്റേത് ജനകീയ മുഖമാണെന്നും ഫ്ലക്സിൽ വിശേഷിപ്പിക്കുന്നുണ്ട്. 'കോൺഗ്രസ് തിരുവനന്തപുരം' എന്ന പേരിലാണ് ഈ ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുള്ളത്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ ചാണ്ടി ഉമ്മൻ അനുകൂലികൾക്കിടയിലുള്ള കടുത്ത അമർഷമാണ് ഇപ്പോൾ പരസ്യമായ കലാപമായി തെരുവിൽ പ്രത്യക്ഷപ്പെടുന്നത്.
കോൺഗ്രസ് മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ട പ്രമുഖ പേരുകളിൽ ഒന്നായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്നാൽ അവസാന നിമിഷം കോൺഗ്രസിലെ ഐ ഗ്രൂപ്പ് - എ ഗ്രൂപ്പ് സമവാക്യങ്ങളിലും ഹൈക്കമാൻഡ് കളിയിലും ചാണ്ടി ഉമ്മൻ ദാരുണമായി ഒഴിവാക്കപ്പെടുകയായിരുന്നു.
ചാണ്ടിയേക്കാൾ പാർട്ടിയിൽ വളരെ ജൂനിയറായ ഒ ജെ ജനീഷ് പോലും മന്ത്രിസഭയിൽ ഇടംപിടിച്ചപ്പോഴാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകന് പുറത്തുനിൽക്കേണ്ടി വന്നത്. ചാണ്ടിയെ ഒഴിവാക്കിയതിൽ ഉമ്മൻചാണ്ടിയുടെ കുടുംബവും കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.
ഉമ്മൻചാണ്ടിയുടെ മകനെന്ന പരിഗണനയും, ഒപ്പം ഓർത്തഡോക്സ് സഭയുടെ ശക്തമായ പിന്തുണയുമുള്ളതിനാൽ തനിക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്ന പ്രതീക്ഷയിലായിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ സമുദായ സമവാക്യങ്ങളും ഗ്രൂപ്പ് താല്പര്യങ്ങളും മുൻനിർത്തി ചാണ്ടിക്ക് പകരം റോജി എം ജോൺ പട്ടികയിൽ ഇടംപിടിക്കുകയാണുണ്ടായത്.
മന്ത്രിസ്ഥാനം കൈവിട്ടതോടെ അധ്യക്ഷ കസേര പിടിച്ചെടുക്കാനായി എ ഗ്രൂപ്പ് നീക്കങ്ങൾ സജീവമാക്കിയതോടെ വരും ദിവസങ്ങളിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ വഷളാകുമെന്നുറപ്പാണ്.










0 comments