ഫ്ളക്സ് ബോർഡുകൾ നീക്കാൻ എത്തിയ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥരെ മർദിച്ച് കോൺഗ്രസ് പ്രവർത്തകർ

ഉദ്യോഗസ്ഥരെ മര്‍ദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊച്ചി: ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ എത്തിയ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമർദനം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാനുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ ഉദ്യോഗസ്ഥരാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ഈ സമയം തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകുന്ന പരിപാടിയും സ്ഥലത്ത് നടന്നിരുന്നു. ഉദ്യോഗസ്ഥർ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത് കണ്ടാണ് പ്രവർത്തകർ സ്ഥലത്തേയ്ക്ക് സംഘടിച്ച് എത്തിയത്.
ഫ്‌ളക്‌സുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടും അതൊന്നും കോൺഗ്രസ് പ്രവർത്തകർ മുഖവിലയ്ക്കെടുത്തില്ല. പിന്നാലെ അക്രമം അഴിച്ചു വിടുകയായിരുന്നു. കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരായ ജസ്റ്റിൻ, രഞ്ജൻ കുമാർ, തൻബിൻ, ഷിജിൻ എന്നിവർക്കാണ് മർദനമേറ്റത്. കോൺഗ്രസ് പ്രവർത്തകരായ പീറ്റർ, ഷിനു വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു.










0 comments