ad
Deshabhimani

അടി തുടരുന്നു: സതീശനെ ഒതുക്കാൻ സുധാകരൻ; കെ സി വേണു​​ഗോപാലിനെ പുകഴ്ത്തി പോസ്റ്റ്

K SUDHAKARAN KC VENUGOPAL.jpg

സുധാകരൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കെ സി വേണു​ഗോപാലിനൊപ്പമുള്ള ചിത്രം | K Sudhakaran www.facebook.com/photo

വെബ് ഡെസ്ക്

Published on Apr 15, 2026, 08:48 PM | 2 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കവെ കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഒതുക്കാൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കൂട്ടുപിടിച്ച് കെ സുധാകരൻ രംഗത്തെത്തി. നേരത്തെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ അർപ്പിച്ചിരുന്ന സുധാകരൻ, ബുധനാഴ്ച കെ സി വേണു​ഗോപാലിനെ പുകഴ്ത്തി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.


'ഇന്ന് കേരളത്തിന് ആവശ്യം ദൂരദർശിയുള്ള നേതൃത്വമാണ്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലൻ ഉയരട്ടെ!'- കെ സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


തന്നെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വി ഡി സതീശനും സണ്ണി ജോസഫും എഐസിസി പ്രസിഡന്റിന്‌ അയച്ചെന്ന്‌ പ്രചരിക്കുന്ന കത്തുകൾ വ്യാജമല്ലെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചരിക്കുന്ന കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കമാൻഡിലും പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞു.


സുധാകരന് പിന്നാലെ കെ സി വേണു​ഗോപാലിനെ പുകഴ്ത്തി സന്ദീപ് വാര്യരും രം​ഗത്തെത്തി. തന്നെ കോൺ​ഗ്രസിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് കെ സിയാണെന്നും സന്ദീപ് വാര്യർ സോഷ്യൽ മീഡിയിൽ പങ്കവെച്ച വീഡിയോയിൽ പറഞ്ഞു.


കെ സുധാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.


ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ കെ കരുണാകരൻ, ശ്രീ എ കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്. ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.


നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home