വെല്ലുവിളിച്ച്‌ മാങ്കൂട്ടത്തിൽ 
നാണംകെട്ട്‌ കോൺഗ്രസ്‌

RAHUL MAMKOOTATHIL
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Sep 16, 2025, 03:31 AM | 1 min read

തിരുവനന്തപുരം: കേരളത്തെ ഇളക്കിമറിച്ച ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര പരാതികളിൽ പ്രതിസ്ഥാനത്തുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ്‌ നേതൃത്വത്തെ വെല്ലുവിളിച്ച്‌ നിയമസഭാ സമ്മേളനത്തിനെത്തി. സ്‌ത്രീകളെ പീഡിപ്പിച്ച്‌ നിർബന്ധിച്ച്‌ ഗർഭഛിദ്രത്തിന്‌ വിധേയമാക്കിയതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ ആരെയും കൂസാതെ രാഹുൽ നിയമസഭയിലെത്തിയത്‌. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെ കോൺഗ്രസ്‌ പാർലമെന്ററി പാർടിയിൽനിന്ന്‌ പുറത്താക്കിയിരുന്നു.


ആരോപണങ്ങളേറെയും തെളിവുസഹിതമാണ്‌ പുറത്തുവന്നത്‌. രാജി ആവശ്യവും വിവിധ കോണുകളിൽ നിന്നുയർന്നു. സഭയിലെത്തരുതെന്ന്‌ പ്രതിപക്ഷനേതാവ്‌ വിലക്കിയെന്ന വാർത്തകൾക്കിടെയാണ്‌ കോൺഗ്രസിനെ നാണംകെടുത്തി രാഹുലിന്റെ വരവ്‌. മുതിർന്ന നേതാക്കളെയടക്കം വെല്ലുവിളിച്ച നടപടി കോൺഗ്രസിൽ പുതിയ കലാപത്തിനും വഴിവച്ചു. പാർടിക്ക്‌ അവമതിപ്പുണ്ടാക്കിയ രാഹുലിനെ പിന്തുണയ്‌ക്കാൻ ചിലർ തയ്യാറാകുന്നുവെന്നതിൽ അണികൾക്കും കടുത്ത രോഷമുണ്ട്‌.


15–ാം നിയമസഭയുടെ 14–ാം സമ്മേളനം തുടങ്ങിയ തിങ്കളാഴ്‌ച ചരമോപചാരം മാത്രമായിരുന്നു കാര്യപരിപാടി. സഭ തുടങ്ങി 20 മിനിട്ടിനുശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവെയാണ്‌ രാഹുൽ സഭയിലെത്തിയത്‌. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ നേമം ഷജീർ, വ്യാജ ഐഡി കാർഡ്‌ കേസിലെ പ്രതി ഫെനി നൈനാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങൾക്കുശേഷം പിൻനിരയിൽ ഒറ്റയ്‌ക്കാണ്‌ ഇരിപ്പിടം അനുവദിച്ചത്‌. അസ്വസ്ഥമായ പ്രതിപക്ഷനിരയിലുള്ളവർ ആദ്യം സംസാരിക്കാൻ തയ്യാറായില്ല. ലീഗ്‌ എംഎൽഎമാരായ യു എ ലത്തീഫും എ കെ എം അഷ്‌റഫും രാഹുലിനോട്‌ സംസാരിച്ചു.


മണിക്കൂറിലധികം സഭയിലിരുന്ന രാഹുലിന്‌ സഭ തീരാൻ മിനിട്ടുകൾക്ക്‌ മുന്പ്‌ വാച്ച്‌ ആൻഡ്‌ വാർഡ്‌ ജീവനക്കാരൻവഴി ഒരു കുറിപ്പ്‌ എത്തി. മറുപടി എഴുതിക്കൊടുത്ത ഉടൻ രാഹുൽ സഭവിട്ടിറങ്ങി. ‘നാണം കെടുത്താതെ ഇറങ്ങിപ്പോടാ’ എന്നായിരുന്നു കുറിപ്പെന്ന ട്രോളും ഇറങ്ങി.


രാഹുലിന്റെ വാശിക്ക്‌ കെപിസിസി പ്രസിഡന്റും യുഡിഎഫ്‌ കൺവീനറും വഴങ്ങിയെന്നും പറയുന്നു. രാഹുൽ സഭയിലെത്തണോ എന്നതിൽ ഒരാഴ്‌ച ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ കഴിയാത്തതിനാൽ നേതാക്കൾ പരസ്യനിലപാട്‌ പ്രഖ്യാപിച്ചിരുന്നില്ല. സഭയ്‌ക്ക്‌ പുറത്ത്‌ മാധ്യമങ്ങളെകണ്ട രാഹുൽ, ഏതെങ്കിലും നേതാക്കൾ നിയമസഭയിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. വി ഡി സതീശൻ അടക്കമുള്ള നേതാക്കളും പ്രതികരിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home