സമരനാടകത്തിനുശേഷം ആഘോഷം, ദാരുണമരണവും വോട്ടാക്കാൻ ശ്രമം; 'എന്തൊരു ദുരന്തമാണ് കോൺഗ്രസ്'

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിനുപിന്നാലെ കോൺഗ്രസ് നേതാക്കൾ നടത്തിയ സമരനാടകത്തിനെതിരെ വ്യാപകപ്രതിഷേധം. ദാരുണമരണത്തെപ്പോലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകിട്ടാനുള്ള അവസരമാക്കാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നത്. അതേസമയം വിദ്യാർഥി മരണപ്പെടാനിടയായ അനധികൃത പന്നിക്കെണി വെച്ച വിനീഷ് കോൺഗ്രസ് പ്രവർത്തകനാണെന്നതും, ഇയാൾക്ക് യുഡിഎഫ് നേതാക്കളുമായുള്ള ബന്ധം മൂടിവെക്കാനും ശ്രമം നടക്കുന്നുണ്ട്.
ശനി രാത്രിയാണ് പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. സംഭവത്തിന് മണിക്കൂറുകൾക്കകം പ്രതി വിനീഷിനെ പൊലീസ് പിടികൂടി. ഇയാൾ കർഷകനല്ലെന്നും, പന്നിയെ വേട്ടയാടി മാംസം വിൽക്കുന്നയാളാണെന്നും കണ്ടെത്തി, ഇതിന് മുമ്പും പന്നിയെ വേട്ടയാടി വിനീഷ് ഇറച്ചി വിറ്റിട്ടുണ്ട്. കെഎസ്ഇബിയുടെ ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് പന്നിക്കെണി വെച്ചത്. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നു. വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു.
Related News
എന്നാൽ സംഭവത്തിനുപിന്നാലെ വൈദ്യുതി വകുപ്പിനും വനംവകുപ്പിനുമെതിരെ കള്ളപ്രചരണം നടത്തുകയായിരുന്നു കോൺഗ്രസ്. കെഎസ്ഇബി സ്ഥാപിച്ച ഫെൻസിങാണെന്നും, പന്നിശല്യം നേരിടാൻ കർഷകർ സ്ഥാപിച്ച കെണിയാണെന്നും പറഞ്ഞായിരുന്നു സമരം. ഈ വാദങ്ങളെല്ലാം പ്രദേശവാസികൾതന്നെ നിഷേധിച്ചിട്ടും വഴിതടയലുൾപ്പെടെ സമാരാഭാസം ആരംഭിച്ചു. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കളെത്തി. മാധ്യമശ്രദ്ധനേടിയശേഷം സോഷ്യൽമീഡിയയിൽ നേതാക്കളൊന്നിച്ച് ചിരിച്ചിരിക്കുന്ന ഫോട്ടോയാണ് ചാമക്കാല പോസ്റ്റ് ചെയ്തത്. സമരനാടകത്തിനെതിരെ വ്യാപകവിമർശനം ഉയർന്നപ്പോൾ ചാമക്കാല പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ജ്യോതികുമാർ ചാമക്കാല ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
രണ്ടുമാസം മുൻപ് പുത്തരിപ്പാടത്ത് കോൺഗ്രസ് പ്രവർത്തകനായ രാമകൃഷ്ണൻ ഇതേപോലെ ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. സ്വന്തം പാർടി പ്രവർത്തകൻ മരണപ്പെട്ടിട്ടും അന്ന് കോൺഗ്രസ് നേതാക്കൾ ഒരു പ്രതിഷേധംപോലും നടത്തിയില്ല. ഇപ്പോൾ പിടിയിലായ വിനീഷ് നടത്തിയ നിയമലംഘനത്തെക്കുറിച്ച് മൗനംപാലിച്ച്, സർക്കാരിന് ഉത്തരവാദിത്വമില്ലാത്ത സംഭവത്തിൽ പുകമറ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് വ്യക്തമാണ്. വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി പന്നിശല്യം നേരിടാൻ ഒരുനടപടിയും സ്വീകരിക്കുന്നില്ല എന്നതും ചർച്ചയാണ്.
ദാരുണമരണത്തിൽ നിന്ന് വോട്ട് ശേഖരിക്കാനുള്ള കോൺഗ്രസ് നാടകത്തിന് കേരളം മാപ്പ് തരില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. പന്നിശല്യം നേരിടാൻ സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് ലൈസൻസ് തോക്ക് ഉള്ളവരെ ഉപയോഗപ്പെടുത്താൻ അനുവാദം നൽകിയിട്ടുണ്ട്, എന്നാൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് അത് ഉപയോഗപ്പെടുത്താത്തത് മാംസകച്ചവടത്തിൻ്റെ പങ്ക് പറ്റുന്നത് കൊണ്ടാണെന്ന് സനോജ് പറഞ്ഞു. പ്രതി വിനീഷ് രക്ഷപ്പെടുത്താൻ ആദ്യം സഹായം ചോദിച്ച് വിളിച്ചത് കോൺഗ്രസ് നേതാക്കളെയാണ്. ദാരുണമരണത്തെ വോട്ടാക്കി മാറ്റാൻ ആശുപത്രിറോഡ് പാതിരാത്രി ആഘോഷപൂർവ്വം ഉപരോധിച്ചത് കോൺഗ്രസ് സംസ്ഥാന നേതൃത്വമാണ്. എന്തൊരു ദുരന്തമാണ് ഇലക്ഷൻ കാലത്തെ കോൺഗ്രസ്- സനോജ് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉറ്റഅനുയായിയാണ് പ്രദേശത്തെ പഞ്ചായത്തംഗം. വിനീഷിന് യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖരുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലമ്പൂർ സംഭവത്തിൽ വാർഡ് മെമ്പറുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.









0 comments