ഓമനക്കുട്ടൻ ‘കൊടുംഭീകരൻ’; സാജുവെന്ന പേരേ അറിയില്ല ; ഭക്ഷ്യക്കിറ്റ് കൂപ്പൺ തട്ടിപ്പ് മുക്കി മാധ്യമങ്ങൾ
print edition കോൺഗ്രസ് കൗൺസിലർ കട്ടത് 44 മാസത്തെ ഭക്ഷ്യക്കിറ്റ് ; അന്വേഷണം വിജിലൻസിന്

ആലപ്പുഴ
അതിദരിദ്രരുടെ പട്ടികയിൽപ്പെട്ട ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് തട്ടിയെടുത്ത കോൺഗ്രസ് കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണം. ചേർത്തല മുനിസിപ്പാലിറ്റിയിലെ 25–ാം ഡിവിഷൻ കൗൺസിലർ എം എ സാജുവിനെതിരെയുള്ള കേസാണ് വിജിലൻസ് അന്വേഷിക്കുക. തനിക്ക് സർക്കാർ അനുവദിച്ച ഭക്ഷ്യക്കിറ്റ് കൂപ്പൺ സാജു തട്ടിയെടുത്തതായി ഗുണഭോക്താവ് ചന്ദ്രാനന്ദമഠത്തിൽ സി വി ആനന്ദകുമാർ വെള്ളിയാഴ്‌ച ചേർത്തല പൊലീസിന് പരാതി നൽകിയിരുന്നു. സാജു തട്ടിയെടുത്തത് 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രാഥമികാന്വേഷണ റിപ്പോർട്ട് ഞായറാഴ്‌ച തുടർനടപടിക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. ആനന്ദകുമാറിനും വാർഡിലെ മറ്റൊരു സ്‌ത്രീക്കുമായി 2023 ഡിസംബർ മുതൽ 2025 സെപ്‌തംബർ വരെ അനുവദിച്ച 22,000 രൂപയുടെ ഭക്ഷ്യകൂപ്പണുകളാണ് കൗൺസിലർ കവർന്നത്. പൊതുമുതൽ ജനപ്രതിനിധി തട്ടിയെടുത്ത സംഭവമായതിനാലാണ് കേസ് വിജിലൻസിന് കൈമാറുന്നത്.
ഓമനക്കുട്ടൻ ‘കൊടുംഭീകരൻ’; സാജുവെന്ന പേരേ അറിയില്ല ; ഭക്ഷ്യക്കിറ്റ് കൂപ്പൺ തട്ടിപ്പ് മുക്കി മാധ്യമങ്ങൾ
ചേർത്തലയിലെ കോൺഗ്രസ് കൗൺസിലർ അതിദാരിദ്ര്യ നിർമാർജനപദ്ധതിയുടെ ഗുണഭോക്‌തൃ ഭക്ഷ്യക്കിറ്റ് കൂപ്പൺ തട്ടിപ്പ് നടത്തിയ സംഭവം മാധമ്യങ്ങൾ അറിഞ്ഞ മട്ടേയില്ല. ഇതേ മാധ്യമങ്ങൾ തന്നെയാണ് പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലേർപ്പെട്ട സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ വേട്ടയാടിയത്. രണ്ട് സംഭവങ്ങളും ചേർത്തലയിൽത്തന്നെ.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കിയ നിരവധി പദ്ധതികളിലൊന്നാണ് ഭക്ഷ്യക്കിറ്റ് കൂപ്പൺ. ദരിദ്രർക്ക് ചേർത്തല നഗരസഭ അനുവദിച്ച ആ കൂപ്പണാണ് കോൺഗ്രസ് കൗൺസിലർ എം എ സാജു തട്ടിയെടുത്തത്. രണ്ടുപേരുടെ കൂപ്പൺ ഇയാൾ തട്ടിയ വാർത്ത മാധ്യമങ്ങൾ ഒളിപ്പിച്ചു. ഓമനക്കുട്ടനെ ദുരിതാശ്വാസക്യാമ്പിൽ നിന്ന് പണംപിരിച്ചെന്ന നുണയുടെ പുകമറയിൽനിർത്തി ഒരു പകലന്തിയോളം വേട്ടയാടുകയായിരുന്നു ഇതേ മാധ്യമങ്ങൾ.
കോൺഗ്രസ് കൗൺസിലറുടെ തട്ടിപ്പ് ദേശാഭിമാനിയിലൂടെ പുറത്തറിഞ്ഞ് മൂന്നുദിവസത്തിന് ശേഷമാണ് പേരിനെങ്കിലും ഒരു വാർത്ത ഒരു ചാനലിൽ വന്നത്. അതും ഗുണഭോക്താവിന്റെ പരാതി നഗരസഭ പൊലീസിന് കൈമാറിയ ശേഷവും. മറ്റ് ചാനലുകൾക്ക് ഇത് വിഷയമായതേയില്ല. പ്രചാരത്തിൽ വലിപ്പം അവകാശപ്പെടുന്ന പത്രങ്ങളും പട്ടിണിപ്പാവങ്ങളുടെ കൂപ്പൺപോലും തട്ടിയെടുത്ത നികൃഷ്‌ടതയ്‌ക്കെതിരെ മൗനം പാലിച്ചു.
2019–ലെ പ്രളയകാലത്താണ് ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാം വാര്‍ഡ് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നതോടെ ഓമനക്കുട്ടന്‍ മുന്‍കൈയെടുത്ത് ക്യാമ്പിലേക്ക് സാധനങ്ങളെത്തിച്ചത്. എന്നാല്‍ ഓട്ടോയ്ക്ക് കൊടുക്കാന്‍ കൈയിൽ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരില്‍നിന്ന് പണം ശേഖരിച്ച് ഓട്ടോക്കൂലി നല്‍കി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ കുബുദ്ധി, മാധ്യമങ്ങൾക്ക് അത് നൽകിയതോടെയാണ് കുപ്രചാരണം തുടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പിൽ പാർടി ലോക്കൽ കമ്മിറ്റിയംഗത്തിന്റെ പണപ്പിരിവെന്ന നുണയുടെ സഹായത്തോടെ സർക്കാരിനെയും സിപിഐ എമ്മിനെയും കടന്നാക്രമിക്കുകയായിരുന്നു. യാഥാർഥ്യം പുറത്തുവന്നതോടെ അന്ന് വ്യാജവാർത്ത കൊടുത്തവർക്ക് മാപ്പുപറയേണ്ടി വന്നു.










0 comments