ad
Deshabhimani

print edition സ‍ൗജന്യ ഭക്ഷ്യക്കൂപ്പൺ കട്ടെടുത്ത സംഭവം ; കൗൺസിലർ ഒന്നിനും സഹായിച്ചില്ല

Congress Councillor scam cherthala
വെബ് ഡെസ്ക്

Published on Nov 02, 2025, 03:13 AM | 1 min read


ആലപ്പുഴ

‘‘സർക്കാരിൽനിന്ന്‌ ആളുവന്ന്‌ തിരക്കിയപ്പോഴാണ്‌ എനിക്ക്‌ കൂപ്പൺ ഉണ്ടായിരുന്നുവെന്ന്‌ അറിഞ്ഞത്‌. നഗരസഭയിലെത്തി അന്വേഷിച്ചപ്പോൾ 2023 ഡിസംബർ മുതൽ കഴിഞ്ഞ മാസംവരെയുള്ള കൂപ്പൺ ക‍ൗൺസിലർ വാങ്ങിച്ചതായി പറഞ്ഞു.’’


ചന്ദ്രാനന്ദമഠത്തിൽ സി വി ആനന്ദകുമാർ പറഞ്ഞത്‌ അതിദരിദ്രന്റെ കഞ്ഞിയിൽപ്പോലും കൈയ്യിട്ട്‌ വാരുന്ന കോൺഗ്രസിന്റെ നെറികെട്ട സംസ്‌ക്കാരത്തിന്റെ കഥ. അതിദാരിദ്ര്യപ്പട്ടികയിൽ ഉൾപ്പെട്ട ആനന്ദകുമാറിന്റെ പട്ടിണി മാറ്റാൻ സംസ്ഥാന സർക്കാർ അനുവദിച്ച ഭക്ഷ്യക്കൂപ്പൺ കോൺഗ്രസ്‌ ക‍ൗൺസിലർ എം എ സാജുവാണ്‌അടിച്ച്‌ മാറ്റിയത്‌.


വെള്ളിയാഴ്‌ച കോൺഗ്രസ്‌ നേതാക്കൾക്കൊപ്പം തന്നെ കാണാനെത്തിയ സാജു കൂപ്പൺ മറ്റൊരാൾക്ക്‌ നൽകിയെന്നും അക്കാര്യം അറിയിക്കാൻ മറന്നുപോയതാണെന്നും അറിയിച്ചെന്നും ആനന്ദകുമാർ പറഞ്ഞു.


ചേർത്തല മുനിസിപ്പാലിറ്റി 25ാം ഡിവിഷൻ അതിദരിദ്രർക്കായി നടപ്പാക്കുന്ന പദ്ധതിയുടെ കൃത്യത വിലയിരുത്താൻ സോഷ്യൽ ഓഡിറ്റിങ്‌ സൊസൈറ്റി അംഗങ്ങൾ ഗുണഭോക്താക്കളെ നേരിൽകണ്ട്‌ നടത്തുന്ന പരിശോധനയ്‌ക്കിടെയാണ്‌ തട്ടിപ്പ്‌ വിവരം അറിഞ്ഞത്‌.


ആനന്ദകുമാറിന്റെയും അതേ വാർഡിലെ മറ്റൊരു ഗുണഭോക്താവിന്റെയും കൂപ്പണുകൾ ക‍ൗൺസിലർ വാങ്ങുകയായിരുന്നു. കഴിഞ്ഞ നാലുവർഷം വീട്ടിൽ തനിച്ചുകഴിഞ്ഞിട്ടും ഒരു കാര്യത്തിനും ക‍ൗൺസിലർ സഹായിച്ചില്ലെന്നും പെൻഷൻ ആവശ്യത്തിനായി ഒരുവർഷത്തിലധികമായി ക‍ൗൺസിലറെ സമീപിച്ചിട്ടും ഒരു പരിഹാരവുമുണ്ടായില്ലെന്നും ആനന്ദകുമാർ പറയുന്നു.


അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയിൽ ഉൾപ്പെട്ടതോടെ ആനന്ദകുമാറിന്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും ലഭിച്ചു. ചേർത്തല ട‍ൗണിൽ വീടിന്റെ നിർമാണം പുരോഗമിക്കുന്നു. ഉപജീവനത്തിന്‌ ലോട്ടറി വിൽക്കാൻ സഹായം ലഭിച്ചു. ചേർത്തല പടിഞ്ഞാറ്‌ റോക്കി ജങ്‌ഷന്‌ സമീപത്തെ വീട്ടിൽ അമ്മയുടെ മരണശേഷം തനിച്ചാണ്‌ ആനന്ദകുമാർ താമസിക്കുന്നത്‌. നാല്‌ വർഷം മുമ്പ്‌ രോഗബാധിതനായതോടെയാണ്‌ വീട്ടിലേക്ക്‌ ജീവിതം ഒതുങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home