കോൺഗ്രസ് കൗൺസിലർ എം എ സാജുവിനെതിരെ ചേർത്തല പൊലീസാണ് കേസെടുത്തത് , പൊതുപ്രവർത്തകൻ വിശ്വാസവഞ്ചനയിലൂടെയും ചതിയിലൂടെയും പണംതട്ടി , 19 വർഷംവരെ തടവുശിക്ഷ ലഭിക്കാം
print edition അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പൺ അടിച്ചുമാറ്റി ; കോൺഗ്രസ് കൗൺസിലർക്കെതിരെ ജാമ്യമില്ലാ കേസ്

ചേർത്തല
അതിദാരിദ്ര്യ മുക്ത കേരളത്തിനായുള്ള പദ്ധതിയിൽ പട്ടിണിപ്പാവങ്ങളായ ഗുണഭോക്താക്കൾക്ക് ചേർത്തല നഗരസഭ നൽകിയ ഭക്ഷ്യക്കൂപ്പൺ കോൺഗ്രസ് കൗൺസിലർ അടിച്ചുമാറ്റിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതെ തുടർന്ന് നഗരസഭ 25–-ാം വാർഡ് കൗൺസിലർ എം എ സാജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബുധനാഴ്‌ച ചേർത്തല പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് 316(3), 316(5), 318(4) വകുപ്പുകളാണ് ചുമത്തിയത്. വിശ്വാസവഞ്ചനയിലൂടെയും ചതിയിലൂടെയും സ്വാർഥലാഭത്തിനായി പണം തട്ടിയെടുത്തെന്നാണ് കേസ്. വകുപ്പുകൾ പ്രകാരം 19 വർഷം വരെ തടവ് ലഭിക്കാം.
വാർഡിലെ ഗുണഭോക്താക്കൾക്ക് നൽകാനായി നഗരസഭയിൽനിന്ന് രജിസ്റ്ററിൽ ഒപ്പിട്ട് കൈപ്പറ്റിയ ഭക്ഷ്യകൂപ്പൺ കൗൺസിലർ അടിച്ചുമാറ്റിയെന്നാണ് പരാതി. വാർഡിൽ അതിദരിദ്രരുടെ പട്ടികയിലുണ്ടായിരുന്ന ചന്ദ്രാനന്ദമഠത്തിൽ ആനന്ദകുമാറിന്റെയും മറ്റൊരു വയോധികയുടെയും കൂപ്പണാണ് സാജു തട്ടിയെടുത്തത്. മാസം 500 രൂപയുടെ വീതം ഭക്ഷ്യധാന്യം സപ്ലൈകോ ഔട്ട്‌ലെറ്റിൽനിന്ന് വാങ്ങാനാണ് കൂപ്പൺ നൽകുന്നത്.
നഗരസഭാ ഓഫീസിലെ രജിസ്റ്ററിൽ ഒപ്പിട്ട് സാജു കൂപ്പൺ കൈപ്പറ്റിയതിന്റെ രേഖകൾ പ്രാഥമികാന്വേഷണത്തിൽ പൊലീസ് ശേഖരിച്ചിരുന്നു. തട്ടിപ്പിനിരയായവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്.










0 comments