ആളെയിറക്കി വേണുഗോപാൽ
print edition യുദ്ധമാരംഭിച്ച് സുധാകരൻ

കെ സുധാകരൻ(ഇടത്) കെ സി വേണുഗോപാൽ (വലത്)
തിരുവനന്തപുരം: കോൺഗ്രസിലെ ശക്തനായ നേതാവ് കെ സി വേണുഗോപാൽ ആണെന്നും അധികാരം ലഭിച്ചാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും ‘പടക്കംപൊട്ടിച്ച്’ മുതിർന്ന നേതാവ് കെ സുധാകരൻ. വി ഡി സതീശനും രമേശ് ചെന്നിത്തലയ്‌ക്കും ചെക്ക് വയ്‌ക്കാനാണ് നീക്കം. ‘രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം ആവശ്യമാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. കേരള രാഷ്‌ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിക്ക് കഴിയും’ –കെ സുധാകരൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഭരണം കിട്ടുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും കേട്ടപാതി കേൾക്കാത്തപാതി അനുയായികൾ പരസ്‌പരം തെറിവിളി തുടങ്ങി.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ വടക്കൻ കേരളത്തിൽ കോൺഗ്രസിന്റെ സീറ്റിൽനിന്ന് മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് അനുവദിച്ചെന്നാണ് വേണുഗോപാൽ അനുകൂലികൾ പ്രചരിപ്പിക്കുന്നത്. അത് നടക്കില്ലെന്നും തെരഞ്ഞെടുപ്പ് നയിച്ചത് സതീശനാണെന്നും മറുപക്ഷവും പറയുന്നു. രമേശ് ചെന്നിത്തലയാണ് മികച്ച നേതാവെന്ന് അടുത്ത ദിവസംവരെ പ്രതികരിച്ച സുധാകരൻ മലക്കംമറിഞ്ഞതിന്റെ ഞെട്ടലിലാണ് ചെന്നിത്തല അനുകൂലികൾ.
സുധാകരന്റെ കുറിപ്പ് ശരിയല്ലെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്. സമൂഹ മാധ്യമങ്ങളിലല്ല നേതാക്കളെ തീരുമാനിക്കുന്നതെന്നും ഹൈക്കമാൻഡാണ് അന്തിമ വാക്കെന്നും രമേശ് ചെന്നിത്തലയും കെ മുരളീധരനും ആവർത്തിച്ചു.
സതീശനല്ല, വേണുഗോപാലാണ് കേരളത്തിൽ യുഡിഎഫിനെ നയിക്കേണ്ടതെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. ‘ആലിൻകായ പഴുക്കുമ്പോൾ കാക്കയ്‌ക്ക് വായ്‌പുണ്ണ്’ എന്നായിരുന്നു സി ആർ മഹേഷിന്റെ പ്രതികരണം. അനാവശ്യതർക്കം അവസാനിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി നേരിട്ട് നേതാക്കളോട് അഭ്യർഥിച്ചിരുന്നു.










0 comments