കോൺഗ്രസ് വർഗീയതയോട് സന്ധിചെയ്യുന്നു; കർണാടകയിൽ രണ്ടുവർഷത്തിൽ നടന്നത് 70 വർഗീയകലാപം: പ്രകാശ് കാരാട്ട്

കൊച്ചി: മതനിരപേക്ഷ കക്ഷിയെന്ന് കോൺഗ്രസ് സ്വയം അവകാശപ്പെടുമെങ്കിലും അവർ ഭരണത്തിലുള്ളിടത്തെല്ലാം വർഗീയതയോട് സന്ധി ചെയ്യുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ പേരിന് പോലും കേരളത്തിൽ വർഗീയകലാപമുണ്ടായിട്ടില്ല. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ രണ്ടുവർഷത്തിനിടെ 70 വർഗീയ കലാപങ്ങളാണുണ്ടായി. ആഭ്യന്തരമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരമാണിത്. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 വർഷത്തെ മോദി ഭരണത്തിലൂടെ രാജ്യമാകെ വർഗീയമായി ധ്രുവീകരിക്കപ്പെട്ടു. മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം പലയിടത്തും നിത്യസംഭവമാണ്. എന്നാൽ കഴിഞ്ഞ പത്തുവർഷവും കേരളത്തിൽ പേരിന് പോലും വർഗീയ കലാപമുണ്ടായില്ലെന്നത് ചെറിയ കാര്യമല്ല. വർഗീയതക്കെതിരായ കടുത്ത നിലപാടാണ് അതിന് കാരണം. ഇക്കാര്യത്തിൽ ഉറപ്പുള്ള ഗ്യാരന്റിയാണ് എൽഡിഎഫ്. കേരളത്തിൽ നിന്നുൾപ്പെടെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് ബിജെപി തൽക്കാലും പിൻവാങ്ങിയത്. തദ്ദേശതെരഞ്ഞെടുപ്പ് മുതൽ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ വർഗീയ കക്ഷികളുമായി പരസ്യ ധാരണയുള്ളത് കോൺഗ്രസിനാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ശത്രുതാപരമായ ഇടപെടലുകളെ ഫലപ്രദമായി പ്രതിരോധിക്കാനും കേരളത്തെ വികസനോന്മുഖമായി മുന്നോട്ട് നയിക്കാനും എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരണം. പശ്ചിമേഷ്യൽ സംഘർഷത്തിന്റെ തുടർ ആഘാതങ്ങൾ വരുംനാളുകളിൽ സാധാരണ ജനജീവിതത്തെയും ബാധിക്കുംവിധം കൂടുതൽ രൂക്ഷമാകാനിരിക്കെ എൽഡിഎഫ് സർക്കാരിന് മാത്രമാകും അതിനെ ഫലപ്രദമായി നേരിടാനാകുക. ഇപ്പോഴുണ്ടായിട്ടുള്ള എൽപിജി ക്ഷാമത്തിനപ്പുറം നാണയപ്പെരുപ്പവും വിലക്കയറ്റവും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കാൻ പോകുന്നു. യുദ്ധം അവസാനിച്ചാലും കെടുതികൾ നീണ്ടകാലത്തേക്ക് തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കോവിഡ് ഉൾപ്പെടെ ദുരിതകാലത്ത് സമാന സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിതരണം ശക്തിപ്പെടുത്തിയും അവശ്യഘട്ടങ്ങളിൽ അധിക ഇടപെടൽ നടത്തിയുമാണ് സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാകാതെ സംരക്ഷിച്ചിത്.
കേന്ദ്ര സർക്കാരിന്റെ അവഗണനയും ശത്രുതാപരമായ സമീപനവും ഇടപെടലുകളും ഇനിവരുന്ന സർക്കാരിന് നേരെയും ഉണ്ടാകും. അവയെ ശക്തമായി പ്രതിരോധിച്ച ചരിത്രമാണ് എൽഡിഎഫ് സർക്കാരുകൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.










0 comments