print edition ഇന്ന് പൊട്ടുമോ... പത്താം ദിവസവും മുഖ്യമന്ത്രിയില്ല


എം അഖിൽ
Published on May 14, 2026, 01:52 AM | 1 min read
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലം വന്ന് പത്തുനാൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. ബുധനാഴ്‌ചത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിലും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനായില്ല. ഗ്രൂപ്പുനേതാക്കളുടെ വീടുകളിലും കോൺഗ്രസ് ഓഫീസുകളിലും പ്രതീക്ഷയോടെ കാത്തിരുന്നവർ നിരാശരായി മടങ്ങി. ചർച്ച പൂർത്തിയായെന്നും വ്യാഴാഴ്‌ച പ്രഖ്യാപനമുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു. വ്യാഴാഴ്‌ച പകൽ ഒന്നിന് കേരളത്തിൽ കോൺഗ്രസ് നിയമസഭാകക്ഷി യോഗംചേരും.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തത്വത്തിൽ ധാരണയായെങ്കിലും വി ഡി സതീശന് വേണ്ടിയുള്ള മുസ്ലിംലീഗിന്റെ കടുത്ത സമ്മർദമാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. ബുധനാഴ്‌ച രാവിലെ കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ ഒരു ഘടകകക്ഷിയുടെ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൂടി ലഭിച്ചതോടെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ ആശയക്കുഴപ്പത്തിലായി.
ബുധനാഴ്‌ച 5.30ഓടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലും കൂടിക്കാഴ്‌ച നടത്തി. വേണുഗോപാലിനെയും ക്ഷണിച്ചിരുന്നെന്നും പങ്കെടുക്കാനുള്ള തീരുമാനം അവസാനനിമിഷം മാറ്റുകയായിരുന്നെന്നും അടുപ്പക്കാർ പറഞ്ഞു. മുക്കാൽ മണിക്കൂർനീണ്ട കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ രാഹുൽ മടങ്ങി. പിറകെയെത്തിയ ജയ്‌റാം രമേശ്, ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വ്യാഴാഴ്‌ചയുണ്ടാകുമെന്നും അറിയിച്ചു.
എ കെ ആന്റണി ഉൾപ്പെടെയുള്ളവരുമായി രാഹുൽ ഫോണിൽ സംസാരിച്ചു. സ്ഥിതി സങ്കീർണമാകുകയാണെന്ന് ആന്റണി രാഹുലിനോട് പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി ബുധനാഴ്‌ച കേരളത്തിലെത്താൻ തീരുമാനിച്ചെങ്കിലും യാത്ര ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലും പുതിയ സർക്കാർ അധികാരമേറ്റിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാത്തത് ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് നാണക്കേടായി.










0 comments