വായ്പയെടുത്ത് മുടിപ്പിക്കും, ഒറ്റയ്ക്കാക്കി മുങ്ങും ; പ്രവർത്തകരെ കൊലയ്ക്കുകൊടുത്ത് ബിജെപി കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം
ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നേതാക്കൾ നടത്തിയ വായ്പാ തട്ടിപ്പിൽ ബലിയാടാകുന്നത് പ്രവർത്തകരും കുടുംബവും. കോടികൾ വെട്ടിച്ച് സഹകരണ ബാങ്കുകൾ പൊളിഞ്ഞതിനെത്തുടർന്നുണ്ടായ ആത്മഹത്യകളിൽ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ നേതൃത്വം തയ്യാറായില്ല. ഭരണസമിതികളുടെ പിടിപ്പുകേടും അഴിമതിയും കാരണം നിക്ഷേപങ്ങൾ നഷ്ടപ്പെട്ടതോടെ സഹകാരികളും പ്രതിസന്ധിയിലാണ്. തട്ടിപ്പിനെപ്പറ്റി അന്വേഷണം ആവശ്യപ്പെടാൻപോലും നേതാക്കൾ മുതിരുന്നില്ല.
പങ്കുപറ്റുകയും തട്ടിപ്പിനു നേതൃത്വം നൽകുകയും ചെയ്തതിനാൽ പിടിക്കപ്പെടുമോ എന്നതാണ് പലർക്കും ഭയം. പലയിടങ്ങളിലും അഴിമതിയിൽ പ്രതിഷേധിച്ച് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പാർടി വിട്ടു. സാമ്പത്തിക പ്രയാസത്തിൽ ബിജെപി നേതാക്കൾ സഹായിച്ചില്ലെന്ന് കത്ത് എഴുതിവച്ചാണ് തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം പ്രസിഡന്റായിരുന്ന തിരുമല അനിൽ ആത്മഹത്യ ചെയ്തത്. അനിൽ സഹകരണ സംഘം നടത്തിയത് വ്യക്തിപരമായാണെന്നാണ് വി മുരളീധരന്റെ പ്രതികരണം. വായ്പ നൽകിയത് അനിലിന് വേണ്ടപ്പെട്ടവർക്ക് ആണ്. ബിജെപി ജില്ലാ– സംസ്ഥാന നേതാക്കൾ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപിയുടെ ബാങ്ക് അല്ലെന്നാണ് ജില്ലാ പ്രസിഡന്റ് കരമന ജയന്റെ വാദം. ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതനായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി.
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനെ സഹായിക്കാൻ നൽകിയ നിക്ഷേപം തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് മനോരമ ലേഖകൻ കൂടിയായ കോൺഗ്രസ് പ്രവർത്തകൻ ആനാട് ശശി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലാണ് ശശി 1.62 കോടി നിക്ഷേപിച്ച് വഞ്ചിതനായത്. പ്രസിഡന്റ് മോഹനകുമാരൻ നായർ മാസങ്ങൾക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്ത് സഹകരണ രജിസ്‌ട്രാർ 2023 ൽ നടത്തിയ പരിശോധനയിൽ കോൺഗ്രസ് ഭരിക്കുന്ന 25 സംഘങ്ങളിലാണ് അഴിമതി കണ്ടെത്തിയത്. നാട്ടുകാരുടെ പണം തട്ടിച്ചെടുക്കുന്നത് തെളിഞ്ഞിട്ടും ഉത്തരവാദിത്വത്തോടെ ഇടപെടാനോ പണം തിരികെ നൽകാനാവശ്യമായ നടപടി സ്വീകരിക്കാനോ കോൺഗ്രസ്, ബിജെപി നേതൃത്വം തയ്യാറല്ല.









0 comments