ad
Deshabhimani

ശബരിമല പ്രതിസന്ധി: ബോർഡിനെ തകർത്ത് അനുകൂലികളെ തിരുകി കയറ്റാൻ യുഡിഎഫ് നീക്കം

sabarimala
വെബ് ഡെസ്ക്

Published on Sep 23, 2026, 04:34 PM | 3 min read

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെ തകർത്ത് സ്വന്തം ശിങ്കിടികളെ ഭരണ തലപ്പത്തെത്തിക്കാൻ കോൺ​ഗ്രസ് നീക്കം. ബോർഡിന്റെ പ്രവർത്തനം മോശമാണെന്നും വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും വരുത്തിത്തീർത്ത് പ്രസിഡന്റ് കെ ജയകുമാറിനെ മാറ്റാനുള്ള സമ്മർദം ശക്തമാക്കുകയാണ്. നിലവിലെ ബോർഡ് അംഗങ്ങളെ മാറ്റി കോൺഗ്രസ് അനുകൂലികളെ ഭരണതലപ്പത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നും ആരോപണമുണ്ട്.


തീർഥാടനകാലം അടുത്തിട്ടും ഒരുക്കങ്ങളിൽ മെല്ലെപ്പോക്ക്


മണ്ഡല–മകരവിളക്ക് തീർഥാടനകാലം അടുത്തെത്തിയിട്ടും ശബരിമലയിലെ പ്രധാന മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടില്ല. തീർഥാടനവുമായി ബന്ധപ്പെട്ട അവശ്യസാധനങ്ങളുടെ കരാറുകളും മറ്റ് ക്രമീകരണങ്ങളും സാധാരണയേക്കാൾ വൈകി. അരവണ, അപ്പം എന്നിവയുടെ നിർമാണത്തിനാവശ്യമായ സാധനങ്ങളുടെ ടെൻഡർ നടപടികൾ മുൻവർഷങ്ങളിൽ മേയ് - ജൂൺ മാസങ്ങളിൽ ആരംഭിച്ചിരുന്നെങ്കിൽ ഇത്തവണ ആഗസ്തിലാണ് നടപടികൾ തുടങ്ങിയത്.


മണ്ഡലപൂജ ഡിസംബർ 27നും മകരവിളക്ക് 2027 ജനുവരി 14നുമാണ് നടക്കുന്നത്. ഡിസംബർ 30 മുതൽ ജനുവരി 20 വരെയാണ് താീർഥാടനകാലം. ലക്ഷക്കണക്കിന് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കുമുമ്പ് ആരംഭിക്കേണ്ടതുണ്ട്. ദർശനക്രമീകരണം മുതൽ കുടിവെള്ളം, ഭക്ഷണം, ഗതാഗതം, സുരക്ഷ, ആരോഗ്യസംവിധാനം വരെ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനമാണ് തീർഥാടനം സുഗമമാക്കുന്നത്.


ടെൻഡറുകൾ വൈകിപ്പിക്കുന്നു


ശബരിമല, പമ്പ, നിലയ്ക്കൽ മേഖലകളുമായി ബന്ധപ്പെട്ട വിവിധ ടെൻഡർ നടപടികൾ സെപ്തംബറിലും തുടരുകയാണ്. ജീരകം, ശർക്കര തുടങ്ങിയ അരവണ നിർമാണ സാമഗ്രികൾക്കായി റീടെൻഡറുകൾ നടത്തിയിട്ടുണ്ട്. അരവണ വിതരണത്തിനുള്ള കണ്ടെയ്‌നറുകളും മൂടികളും ഉൾപ്പെടെയുള്ള പ്രധാന കരാറുകളും തീർപ്പാകാനുണ്ട്. പല വിഭാ​ഗങ്ങളിലേക്കുള്ള ടെൻഡറുകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.


ശബരിമലയിലെയും നിലയ്ക്കലിലെയും കടകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള വരുമാനമാർഗങ്ങളുടെ ലേലനടപടികളും പതിവ് സമയക്രമത്തിൽ പൂർത്തിയായിട്ടില്ല. ചില ലേലങ്ങൾ മാത്രമാണ് നടന്നതെന്നാണ് വിവരം.


ഉണ്ണിയപ്പം ഉൾപ്പെടെയുള്ള പ്രസാദ നിർമാണം, അരവണ പ്ലാന്റുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവയിലും സമയബന്ധിതമായ നടപടികൾ അനിവാര്യമാണ്. സെപ്തംബറിൽ അരവണ പ്ലാന്റിന്റെ നവീകരണം പൂർത്തിയാക്കാനായിട്ടില്ല. ഇതോടെ അരവണ നിർമാണം ഒരു പ്ലാന്റിലേക്ക് മാത്രം ചുരുങ്ങി. ഉത്പാദനം ​ഗണ്യമായി കുറഞ്ഞതോടെ അരവണ വിതരണം പരിമിതപ്പെടുത്തി. അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണം നിർത്തിവച്ചപ്പോഴുണ്ടായ നിയന്ത്രണത്തെ ആയുധമാക്കിയാണ് നിലവിൽ പ്രചാരണങ്ങൾ നടക്കുന്നത്.


കഴിഞ്ഞതവണ കന്നിമാസ പൂജയോടനുബന്ധിച്ച്‌ 2.60 ലക്ഷം ടിൻ അരവണയാണ്‌ കരുതലൊരുക്കിയത്‌. തീർഥാടക ബാഹുല്യം കണക്കിലെടുത്ത്‌ ഇത്തവണ 70,000 കൂടി വർധിപ്പിച്ച്‌ 3.30 ലക്ഷമാക്കി. എന്നാൽ ഉൽപാദനം ഇടയ്‌ക്ക്‌ നിർത്തിവയ്‌ക്കേണ്ടി വന്നതും പ്രതീക്ഷിച്ചതിലുമപ്പുറം തീർഥാടകരെത്തിയതും മൂലം രണ്ടുദിവസം നിയന്ത്രണമേർപ്പെടുത്തിയതാണ്‌ വിവാദമാക്കിയത്‌. സാധാരണ ഇത്തരം നിയന്ത്രണങ്ങൾ മണ്ഡല– മകരവിളക്ക്‌ കാലത്തും ഏർപ്പെടുത്താറുണ്ട്‌. ഇതിനെയാണ്‌ രാഷ്ട്രീയ താൽപര്യം മുൻനിർത്തി വിവാദമാക്കിയത്‌.


സമാന്തര ഭരണത്തിന്‌ ആസൂത്രിത നീക്കം


ബോർഡിലെ കോൺഗ്രസ്‌ അനുകൂലസംഘടനയെ ഉപയോഗിച്ച്‌ ദേവസ്വം നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ‘കൈപ്പിടി’യിലാക്കാനാണ്‌ മന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചുള്ള വഴിവിട്ട നീക്കങ്ങൾ. ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയെ ഉപയോഗിച്ച് നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും സ്വാധീനം ഉറപ്പാക്കാൻ ശ്രമിക്കുന്നതായും മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഇതിനുള്ള ഇടപെടലുകൾ നടക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ബോർഡിൽ സമാന്തര ഭരണത്തിന്‌
തുടക്കംമുതൽ ശ്രമം നടക്കുന്നുണ്ട്.


ശബരിമല തിരുവാഭരണം കമീഷണറുടെ ഓഫീസിൽ സൂപ്രണ്ടായിരുന്ന ശ്രീശങ്കറെ തിരുവനന്തപുരത്ത്‌ കമീഷണറുടെ ഓഫീസിൽ അഡ്‌മിനിസ്‌ട്രേഷൻ അസിസ്‌റ്റന്റ്‌ കമീഷണറാക്കി സമാന്തര ഭരണത്തിന്‌ ശ്രമിച്ചത്‌ ദേവസ്വംമന്ത്രിയുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിയും ബോർഡ്‌ മുൻ സെക്രട്ടറിയുമായ ജി ബൈജുവാണ്‌. ദേവസ്വം ചട്ടങ്ങൾക്ക്‌ വിരുദ്ധമായ നടപടിയെ ജീവനക്കാർ ചോദ്യംചെയ്‌തതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.


ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസറെ മാറ്റിയതിലും അഴിമതി ​ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന മോഹനനെ ബോർഡ്‌ തീരുമാനത്തെ മറികടന്ന്‌ മന്ത്രിതലത്തിൽ ഇടപെട്ട്‌ തിരുവനന്തപുരത്തേക്ക്‌ സ്ഥലംമാറ്റിയതിന്‌ പിന്നിലും നിയമനക്കൊള്ളയും അഴിമതിയുമായിരുന്നു ലക്ഷ്യം. ഒരുവർഷം കൂടി സർവീസുള്ള മോഹനന്‌ ആറുമാസം നീട്ടികൊടുത്തിരുന്നു. ഇതാണ്‌ മന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ റദ്ദാക്കിയത്‌.


റോഡും വനപാതയും സുരക്ഷിതമാക്കണം


തീർഥാടനകാലത്തിന് മുമ്പ് ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കേണ്ടതുണ്ട്. തീർഥാടകർ ഉപയോഗിക്കുന്ന സ്നാനഘട്ടങ്ങളും കുളിക്കടവുകളും സുരക്ഷിതമാക്കുന്നതിനൊപ്പം പരമ്പരാഗത വനപാതയും യാത്രായോഗ്യമാക്കണം. വനപാതകളിലെ അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ, ആവശ്യമായ വെളിച്ചവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കൽ, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനുള്ള സൗകര്യങ്ങൾ സജ്ജമാക്കൽ എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കേണ്ട ജോലികളാണ്.


കുടിവെള്ളവും ഭക്ഷ്യസുരക്ഷയും നിർണായകം


സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കുടിവെള്ള ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കണം. നിലവിലുള്ള വാട്ടർ കിയോസ്‌കുകളും വിതരണ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്ന് മുൻകൂട്ടി പരിശോധിക്കേണ്ടതുണ്ട്. ഹോട്ടലുകളിലെയും മറ്റ് ഭക്ഷണവിതരണ കേന്ദ്രങ്ങളിലെയും ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കണം. വലിയ തോതിൽ മാലിന്യമുണ്ടാകുന്ന തീർഥാടനകാലത്ത് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനവും നിർണായകമാണ്.


വിവിധ വകുപ്പുകളുടെ ഏകോപനം വേണം


ദേവസ്വം ബോർഡിനൊപ്പം പൊലീസ്, അഗ്നിരക്ഷാസേന, വനം, ആരോഗ്യം, ഗതാഗതം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുകയും തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നത്. ഓരോ വർഷവും വലിയ ജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അവസാന നിമിഷ ഒരുക്കങ്ങൾ പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.


ഇതിനിടെയാണ് ബോർഡിന്റെ പ്രവർത്തനങ്ങളെ മനഃപൂർവം വൈകിപ്പിച്ച് ഭരണപരാജയത്തിന്റെ പ്രതീതി സൃഷ്ടിച്ച് അതിന്റെ മറവിൽ നേതൃത്വമാറ്റത്തിന് കളമൊരുക്കുകയും ചെയ്യുന്നത്.


കഴിഞ്ഞ 10 വ‌ർഷങ്ങൾ, സമാനതകളില്ലാത്ത പ്രവർത്തനം


കഴിഞ്ഞ പത്ത് വർഷമായി ശബരിമലയിൽ കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. എൽഡിഎഫ് സർക്കാരും ദേവസ്വം ബോർഡും വകുപ്പുമായി ചേർന്ന് നടത്തിയ ഏകോപിത ചർച്ചകളുടെ ഫലമായി ഓരോ മണ്ഡല-മകരവിളക്ക് മഹോത്സവവും വളരെ സുഗമമായി നടത്താൻ കഴിഞ്ഞിരുന്നു. ദേവസ്വം മന്ത്രിമാർ കൃത്യമായ ഘട്ടങ്ങളിൽ ശബരിമലയിലെത്തി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. തീർത്ഥാടകർക്കായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ മുൻകൂട്ടി അവലോകനം ചെയ്യാനും സാധിച്ചു. ട്രാഫിക് സംവിധാനങ്ങൾ, ഇടത്താവളങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്കും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം ആറുമാസം മുമ്പ് തന്നെ കൃത്യമായ മുന്നൊരുക്കങ്ങളാണ് ആരംഭിച്ചിരുന്നത്. ഈ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിലെ തീർത്ഥാടനം കൂടുതൽ സുഗമവും കുറ്റമറ്റതുമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home