ad
Deshabhimani

വരൾച്ചാ ദുരിതാശ്വാസത്തിൽ സർക്കാർ കണ്ണടച്ചു; കർണാടകയിൽ കോൺ​ഗ്രസ് എംഎൽഎ രാജിവച്ചു

Congress MLA Resign

യശ്വന്ത്‌റായഗൗഡ പാട്ടീല്‍

വെബ് ഡെസ്ക്

Published on Sep 23, 2026, 06:55 PM | 1 min read

ബം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസ് എംഎൽഎ രാജിവച്ചു. തന്റെ ഇൻഡി മണ്ഡലത്തെ വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് യശ്വന്ത്‌റായഗൗഡ പാട്ടീലിന്റെ രാജി. സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവും ഉന്നയിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ സ്വന്തം തീരുമാനത്തിൽ രാജിവെയ്ക്കുന്നുവെന്ന് പാട്ടീൽ രാജിക്കത്തിൽ പറയുന്നു. ഏതാനും തവണ മഴ ലഭിച്ചതിനെ തുടർന്ന് കർഷകർ വിളകൾ വിതയ്ക്കാനും വളം വാങ്ങാനും വായ്പയെടുത്തു.


എന്നാൽ സമയത്ത് മഴ ലഭിക്കാതെ വന്നതോടെ വിളകൾ നശിക്കുകയും ജനങ്ങൾക്കും കന്നുകാലികൾക്കും ആവശ്യമായ വെള്ളത്തിന് ക്ഷാമം നേരിടുകയും ചെയ്തു. തുടർന്ന് മണ്ഡലം വരൾച്ച നേരിട്ടു. ഈ സാഹചര്യത്തിൽ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്കും റവന്യൂ മന്ത്രിക്കും പലതവണ നിവേദനം നൽകിയിട്ടും യാതൊരുവിധ നടപടികളുമുണ്ടായിരുന്നില്ലെന്ന് പാട്ടീൽ പറയുന്നു.


നിലവിൽ 177 താലൂക്കുകളെയാണ് വരൾച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ വാക്കുകൾക്ക് യാതൊരു വിലയും സർക്കാർ നൽകുന്നില്ലെന്നും ഭരണകക്ഷി എംഎൽഎ ആയിട്ടും മണ്ഡലത്തിൽ യാതൊന്നും ചെയ്യാൻ കഴിയാത്തതിനെ തുടർന്നാണ് രാജിയെന്നും പാട്ടീൽ പ്രതികരിച്ചു. എന്നാൽ, രാജി ചട്ടപ്രകാരമല്ലാത്തതിനാൽ രാജി നിരസിച്ചതായി സ്പീക്കർ അറിയിച്ചു. തന്റെ താലൂക്കിനെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഗദഗ് എംഎൽഎ എച്ച്കെ പാട്ടീലും ഭീഷണി മുഴക്കുകയും ചെയ്തു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home