ഷെയ്ക്ക് മൊയ്‌ദീനെ ജി ആർ അനിൽ എംഎൽഎ സന്ദർശിച്ചു

തിരുവനന്തപുരം: നൂറ്റിമൂന്ന് വയസ്സുള്ള വിമുക്തഭടൻ ഷെയ്ക്ക് മൊയ്‌ദീനെ ജി ആർ അനിൽ എംഎൽഎ സന്ദർശിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലും സ്വതന്ത്ര ഇന്ത്യയുടെ സൈന്യത്തിലും സേവനമനുഷ്ഠിച്ച ഷെയ്ക്ക് മൊയ്‌ദീനുമായി എംഎൽഎ സൗഹൃദം പങ്കുവെച്ചു. രണ്ടാം ലോകമഹായുദ്ധത്തിലും 1947–49 കാലത്തെ കശ്മീർ യുദ്ധത്തിലും പങ്കെടുത്ത അദ്ദേഹത്തിന്റെ സൈനിക സേവനവും ചരിത്രാനുഭവങ്ങളും പുതിയ തലമുറയ്ക്ക് പാഠമാണെന്ന് ജി ആർ അനിൽ പറഞ്ഞു.
ഷെയ്ക്ക് മൊയ്‌ദീന്റെ ജീവിതം ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച കാലത്തും സ്വതന്ത്ര ഇന്ത്യയുടെ സൈനികനായി കശ്മീരുൾപ്പടെ ഒട്ടേറെ പ്രദേശങ്ങളിൽ കാവൽനിന്നപ്പോഴും രാജ്യത്തിന്റെ ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായ അദ്ദേഹം, തലമുറകൾക്ക് ഓർമിക്കാവുന്ന ജീവിതമാണ് നയിച്ചത്. സ്വാതന്ത്ര്യത്തിന്റെ മൂല്യവും രാജ്യസ്നേഹത്തിന്റെ അർഥവും സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്തിയ വിമുക്തഭടനെ സന്ദർശിച്ചത് ചരിത്രത്തോടുള്ള ആദരവ് കൂടിയാണെന്നും ജി ആർ അനിൽ പറഞ്ഞു
കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് എംഎൽഎ മടങ്ങിയത്. പ്രദേശവാസികളും പൊതുപ്രവർത്തകരുമായ കെ പി പ്രമോഷ്, ഡോ. ഷിജൂഖാൻ, ബി നജീബ്, എ അജിംഖാൻ, സബീന ബീവി, എൻ നിഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments