കാത്തിരുന്ന് പ്രതികാരം; സതീശനെതിരെ എ ഗ്രൂപ്പും സുധാകരനും

പ്രത്യേക ലേഖകൻ
Published on Sep 10, 2025, 01:50 AM | 2 min read
തിരുവനന്തപുരം: പാർലമെന്ററിതലത്തിലും സംഘടനാതലത്തിലും പരാജയപ്പെട്ട പ്രതിപക്ഷ നേതാവെന്ന പ്രചാരണം വി ഡി സതീശനെതിരെ ശക്തമാക്കി എ ഗ്രൂപ്പും കെ സുധാകരൻ അനുകൂലികളും. സൈബർ ഇടത്തിലും പ്രവർത്തകർക്കിടയിലും വ്യാപകമായ പ്രചാരണമാണ്. സാധാരണ പ്രവർത്തകർക്ക് ആപത്തുണ്ടായാൽ സംരക്ഷിക്കാൻ ആരുമില്ലെന്നും സ്വന്തം ഇമേജ് മാത്രമാണ് സതീശന്റെ നോട്ടമെന്നുമാണ് പൊതുവികാരം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ യുവ എംഎൽഎമാരുടെ ഗ്രൂപ്പുണ്ടാക്കി സതീശൻ നടത്തിയ എതിർപ്രവർത്തനങ്ങളും എ ഗ്രൂപ്പ് നേതാക്കൾ പങ്കുവയ്ക്കുന്നു.പാർലമെന്ററിതലത്തിലും സംഘടനാതലത്തിലും പരാജയപ്പെട്ട പ്രതിപക്ഷ നേതാവെന്ന പ്രചാരണം വി ഡി സതീശനെതിരെ ശക്തമാക്കി എ ഗ്രൂപ്പും കെ സുധാകരൻ അനുകൂലികളും. സൈബർ ഇടത്തിലും പ്രവർത്തകർക്കിടയിലും വ്യാപകമായ പ്രചാരണമാണ്.
അടുത്ത തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരെന്ന ചർച്ചയും തർക്കവും മുറുകിനിൽക്കെയാണ് സതീശനെതിരായ ആക്രമണം കടുപ്പിച്ചത്. ആദ്യം എ ഗ്രൂപ്പാണ് ഇറങ്ങിയതെങ്കിൽ പിന്നീട് കെ സുധാകരന്റെ അനുയായികളും രംഗത്തുവന്നു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാതെ പുനഃസംഘടന നടത്തില്ലെന്ന് വാശിപിടിച്ച സതീശൻ ഇപ്പോൾ അതിനെക്കുറിച്ച് മിണ്ടുന്നില്ല. ഇങ്ങിനെയൊരു നേതൃത്വം എന്തിനെന്ന ചർച്ച ശക്തമാക്കുകയാണ് എ ഗ്രൂപ്പ് നേതാക്കൾ. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ സമാന്തര പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
അതിന് മികച്ച കവറേജും കിട്ടുന്നുണ്ടെന്നും നേതാക്കൾ സൂചിപ്പിച്ചു. നേതൃതർക്കം രൂക്ഷമാകുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ഓൺലൈൻ ചാനൽ അഭിമുഖത്തിൽ കെ മുരളീധരനും പങ്കുവച്ചത്.
സതീശനെതിരെ നേരത്തെതന്നെ രംഗത്തുള്ളവരാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വന്നതോടെ ആക്രമണം വ്യാപിപ്പിച്ചത്. ശക്തമായ നിലപാട് എടുത്തുവെന്നും അതിനാൽ തന്നെ ആക്രമിക്കുന്നുവെന്നും പ്രചരിപ്പിച്ച് രക്തസാക്ഷി പരിവേഷം നേടാനുള്ള സതീശന്റെ ശ്രമം പ്രവർത്തകർ തള്ളിക്കളഞ്ഞു. സതീശൻതന്നെയാണ് ഷാഫിയെയും മാങ്കൂട്ടത്തിലിനെയും കൊണ്ടുനടക്കുന്നതെന്നും ഗ്രൂപ്പുവ്യത്യാസമില്ലാതെ നേതാക്കൾ ഓർമിപ്പിക്കുന്നു.
പ്രതിഷേധ സദസ്സ് പ്രതിപക്ഷ നേതാവ് ബഹിഷ്കരിക്കും
തിരുവനന്തപുരം
: കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച കോൺഗ്രസ് നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനുകൾക്കുമുന്നിൽ നടത്തുന്ന പ്രതിഷേധ സദസിൽനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിട്ടുനിൽക്കുമെന്ന് സൂചന.
എ ഗ്രൂപ്പുകാരും കെ സുധാകരൻ അനുയായികളും രൂക്ഷമായ സൈബർ ആക്രമണം നടത്തുമ്പോൾ ഒരു നേതാവും അതിനെ ചോദ്യംചെയ്ത് രംഗത്തുവരാത്തിലുള്ള പ്രതിഷേധമാണ് കാരണമെന്നാണ് സതീശൻ അനുയായികൾ പറയുന്നത്. പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ഉണ്ടെങ്കിലും പ്രതിഷേധ പരിപാടിക്ക് സമയം കൊടുത്തില്ല.
രാവിലെ തിരുവനന്തപുരത്ത് ഒൗദ്യോഗിക പരിപാടിയിൽ പങ്കെടുത്തശേഷം കൊല്ലത്തേക്ക് പോകും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിളിമാനൂരിലും കെ മുരളീധരൻ മ്യൂസിയം സ്‌റ്റേഷനുമുന്നിലും സമരം ഉദ്ഘാടനം ചെയ്യുമെന്നാണ് ഡിസിസി അറിയിച്ചിട്ടുള്ളത്. സംസ്ഥാന തല ഉദ്ഘാടനം കുന്നംകുളത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് നടത്തുന്നത്. ഇതിലും പ്രതിപക്ഷ നേതാവിന് നീരസമുണ്ടെന്നാണ് അനുകൂലികൾ പറയുന്നത്.










0 comments