print edition യുഡിഎഫ്–സംഘപരിവാർ കൂട്ടുകെട്ടിനെതിരെ പ്രതിരോധം തീർക്കും

കളമശേരി: രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ കേരളത്തിന്റെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ, യുഡിഎഫ് അജൻഡകൾക്കെതിരെ പ്രതിരോധം തീർക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേരള, കലിക്കറ്റ്, കണ്ണൂർ, സാങ്കേതിക, സംസ്കൃത സർവകലാശാലകൾക്ക് പിന്നാലെ എംജി സർവകലാശാലയെയും സംഘപരിവാറിന്റെ വർഗീയ പരീക്ഷണശാലയാക്കാനാണ് ചാൻസലർകൂടിയായ ഗവർണറുടെ നീക്കം. കേരളത്തിന്റെ വിദ്യാഭ്യാസ -സാംസ്കാരിക പുരോഗതികളെ അട്ടിമറിക്കാനും സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനുമുള്ള വർഗീയനീക്കങ്ങളെ യുഡിഎഫ് സർക്കാർ പരസ്യമായി പിന്തുണയ്ക്കുകയാണ്.
എംജി സർവകലാശാലയിൽ സെനറ്റ് രൂപീകരണം, അധ്യാപക നിയമനം എന്നിവയിൽ കാവിവൽക്കരണം ദ്രുതഗതിയിലാണ്. വൈസ് ചാൻസലറുടെ കാലാവധി കഴിഞ്ഞാൽ പുതിയ വിസിയെ നിയമിക്കുന്നതുവരെ സർവകലാശാലയിലെ സീനിയർ പ്രൊഫസർക്ക് താൽക്കാലിക ചുമതല നൽകുക എന്ന കീഴ്‌വഴക്കം അട്ടിമറിച്ചാണ് പുറത്തുനിന്നുള്ള സംഘപരിവാറുകാരനെ പ്രതിഷ്ഠിച്ചത്.
ചുമതലയേറ്റയുടൻ സ്വന്തം ഓഫീസിൽ ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ച് സംഘപരിവാർ അജൻഡകളാണ് വിസി നടപ്പാക്കുന്നത്.
കേരളത്തിന്റെ വിജ്ഞാനമേഖലയെ ഫാസിസ്റ്റ് അജൻഡകൾക്ക് അടിപ്പെടുത്താനുള്ള നീക്കങ്ങളെ ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥി -ബഹുജനങ്ങളെയും അണിനിരത്തി ചെറുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി കെ ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും പറഞ്ഞു.










0 comments