ad
Deshabhimani

കശുവണ്ടി വ്യവസായ മേഖലയു‍ടെ സമഗ്ര വികസനം; കോൺക്ലേവ് ഒക്ടോബറില്‍ കൊല്ലത്ത്

cashew factory p rajeev
വെബ് ഡെസ്ക്

Published on Sep 30, 2025, 04:23 PM | 2 min read

തിരുവനന്തപുരം : കശുവണ്ടി വ്യവസായ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിപുലമായ കോൺക്ലേവ് നടത്തുമെന്ന് മന്ത്രി പി രാജീവ്. തൊഴിലാളികൾ, സംഘടനാ പ്രതിനിധികൾ, എക്സ്പോർട്ടേഴ്സ്, മറ്റു വിദഗ്ദ്ധർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ലേവ് ഒക്ടോബർ 14ന് കൊല്ലത്ത് വച്ച് നടത്തുമെന്നും മന്ത്രി അറിയിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.


സംസ്ഥാനത്ത് കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനായി (2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ) 30 കോടി രൂപ വകയിരുത്തുകയും ഇതിൽ മൂന്ന് പദ്ധതി ഘടകങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന പ്രോസസിംഗ് യൂണിറ്റുകൾക്ക് അവയുടെ സുസ്ഥിരമായ പ്രവർത്തനത്തിനും മികച്ച ഉൽപ്പാദനക്ഷമതയ്ക്കും പ്രോത്സാഹനത്തിനും തൊഴിൽ പുനഃസ്ഥാപിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 20 കോടി രൂപ വകയിരുത്തി.


ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ യുവജനങ്ങളെ ഈ വ്യവസായത്തിലേക്ക് ആകർഷിക്കാനും കഴിയുന്ന തരത്തിൽ സ്ത്രീ സൗഹൃദ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി 5 കോടി രൂപയും പ്രോസസിംഗ് യൂണിറ്റുകളിലെ ഷെല്ലിങ് വിഭാഗത്തിന്റെ നവീകരണത്തിനായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കായി 2024-25 സാമ്പത്തിക വർഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് ആകെ 2 കോടി രൂപ നൽകി. ഈ സാമ്പത്തിക വർഷവും 2 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.


ഇടത്തരം ചെറുകിട കാഷ്യൂ ഫാക്ടറിയുടെ നവീനവത്കരണത്തിനു മൂലധന ഗ്രാന്റും പലിശ സബ്‍സിഡിയും അനുവദിക്കുന്ന പദ്ധതിയും സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. ചെറുകിട ഇടത്തരം കാഷ്യൂ ഫാക്ടറികൾക്ക് അവയുടെ സ്ഥിരാസ്ഥി മൂലധനത്തിന്മേലും, ടെക്നോളജി അപ്​ഗ്രഡേഷനുമായും പ്രവർത്തനമൂലധന ആവശ്യത്തിനായി എടുത്ത ലോണുകളിൽ അടച്ച പലിശക്ക് സബ്‌സിഡിയായും തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് 2024-25 ൽ 80 ലക്ഷം രൂപ നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം ഈ പദ്ധതിയ്ക്കായി 2 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.


സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി രൂപീകരിക്കപ്പെട്ട മിനിമം വേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് കശുവണ്ടി തൊഴിലാളികൾക്ക് നൽകേണ്ടതായ കുറഞ്ഞ കൂലി 23 ശതമാനം നിരക്കിൽ വർദ്ധിപ്പിച്ച് സർക്കാർ 12.02.2024 ൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് മുഖേന തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ 2025 ഓണത്തോടനുബന്ധിച്ച്‌ 2,500 രൂപ വീതം 13835 തൊഴിലാളികൾക്ക്‌ ആകെ 3,45,87,500 രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്‌.


അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കശുവണ്ടി വികസന കോർപ്പറേഷനിൽ 535 തൊഴിലാളികളേയും കാപ്പക്സിൽ 252 തൊഴിലാളികളേയും നിയമിച്ചിട്ടുണ്ട്. ഇത്തരത്തിൽ കശുവണ്ടി മേഖലയുടെ സമഗ്ര പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home