സർക്കാരിൽ പൂർണ വിശ്വാസം; ആവർത്തിച്ച് എൻഎസ്‌എസ്

ചങ്ങനാശേരി: സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസമെന്ന് ആവർത്തിച്ച് എൻഎസ്‌എസ്. വാർഷിക ബജറ്റിന്റെ ഭാഗമായുള്ള ബാക്കിപത്ര അവതരണ ജനറൽ ബോഡിയിൽ 300 അംഗ പ്രതിനിധിസഭ ഒറ്റക്കെട്ടായാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാട് അംഗീകരിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണെന്നും ബിജെപി നിയമനിർമാണം നടത്തുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്‌തില്ലെന്നും ജനറൽ ബോഡിയിൽ സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്‌എസ് നിലപാട് വിഷയാധിഷ്ഠിതമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ല. സത്യത്തിനൊപ്പമാണ് നിലകൊള്ളുന്നത്. എന്നും വിശ്വാസിപക്ഷത്താണ്. സമദൂരത്തിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. മന്നത്ത് പത്മനാഭനന്റെ നിലപാട് തുടരുന്നു എന്നേയുള്ളൂ. സമദൂരത്തിലെ ശരിദൂരമാണിപ്പോൾ കണ്ടത്– അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും എല്ലാ അംഗങ്ങളും അറിയത്തക്ക രീതിയിൽ പറഞ്ഞുവെന്നും സുകുമാരൻ നായർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും അത് അംഗീകരിച്ചു. ഈ കാര്യം പറയാൻ കോൺഗ്രസ്, ബിജെപി നേതാക്കൾ വരേണ്ട. സൗഹൃദ സന്ദർശനത്തിന് വരാം. കോൺഗ്രസ്, ബിജെപി നേതാക്കളെ താൻ ഇങ്ങോട്ട് വിളിച്ചിട്ടില്ല. ഏത് പ്രതിഷേധത്തെയും നേരിട്ടോളമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മുനിസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാറും കെപിസിസി അംഗം രാധ വി നായരും അടക്കമുള്ള കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ള പ്രതിനിധികളാണ് നിലപാടിനെ പിന്തുണച്ചത്.









0 comments