print edition കാട്ടാന കൊലപ്പെടുത്തിയ മണിയുടെ കുടുംബത്തിന്റെ ധനസഹായം തട്ടിയെടുത്തതായി പരാതി

എടക്കര : വനത്തിനുള്ളിൽ കാട്ടാന കൊലപ്പെടുത്തിയ പൂച്ചപ്പാറ മണിയുടെ കുടുംബത്തിന്റെ ധനസഹായം എട്ട് ലക്ഷം തട്ടിയെടുത്തതായി പരാതി. മാഞ്ചീരി ഉൾക്കാട്ടിൽ കഴിയുന്ന ചോലനായ്ക്കർ വിഭാഗത്തിലെ പൂച്ചപ്പാറ മണി രണ്ട് വർഷംമുമ്പാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാന സർക്കാർ ഭാര്യ മാതിയുടെ പേരിൽ കരുളായി ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുറന്ന് പത്തുലക്ഷം ധനസഹായം കൈമാറിയിരുന്നു.
മണിയുടെ കുടുംബത്തെ നേരിട്ട് സന്ദർശിച്ച മന്ത്രി എ കെ ശശീന്ദ്രൻ 10 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇതിൽ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ മന്ത്രിതന്നെ നേരിട്ട് കണ്ണക്കൈയിൽ എത്തി മാതിക്ക് കൈമാറി. ഇതിന് പുറമെ മാതിക്ക് നെടുങ്കയം ഫോറസ്റ്റിൽ ജോലി നൽകി. മാതിക്കും മക്കൾക്കും താമസവും നെടുങ്കയത്ത് ഒരുക്കി. ഭിന്നശേഷിക്കാരിയായ മകൾ മീനാക്ഷിക്ക് പഠനം ഉൾപ്പെടെ സംവിധാനം സർക്കാർ ലഭ്യമാക്കി. കുടുംബത്തിന് ചുങ്കത്തറ നെല്ലിപൊയിലിൽ 40 സെന്റ് സ്ഥലവും സർക്കാർ നൽകി.
ചോലനായ്ക്കർ വിഭാഗത്തിലെതന്നെ മറ്റൊരാളാണ് എട്ട് ലക്ഷം തട്ടിയെടുത്തത്. പല തവണകളിലാണ് മറ്റൊരു അക്കൗണ്ടിലേക്ക് തുക മാറ്റിയാണ് തട്ടിപ്പ് നടന്നത്. വനം വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.










0 comments