ആശ്രിത നിയമനം: പരിഷ്കരിച്ച വ്യവസ്ഥകള്‍ ഉൾപ്പെടുത്തി ഉത്തരവിറക്കി

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകൾ പരിഷ്‌കരിച്ചുകൊണ്ട് ഉദ്യോഗസ്ഥ പരിഷ്കരണ വകുപ്പ് ഉത്തരവിറക്കി. പുതുക്കിയ വ്യവസ്ഥകൾ തത്വത്തിൽ അംഗീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നത്.
സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാൻ പൊതുഭരണ വകുപ്പ് ഏകീകൃത പട്ടിക തയ്യാറാക്കും. അപേക്ഷകരുടെ മുൻഗണനാക്രമം അനുസരിച്ച് അതിൽ നിന്നായിരിക്കും നിയമനം നൽകുന്നത്. നിലവിൽ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പിൽ ഒഴിവുണ്ടായാൽ മാത്രമാണ് ആശ്രിതനിയമനം നൽകിയിരുന്നത്. സംസ്ഥാന സർവീസിൽ ഇരിക്കെ ജീവനക്കാരൻ മരിക്കുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നൽകും. ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാകണം.
ശാരീരിക, മാനസിക പ്രശ്നങ്ങൾകാരണം ജോലി ചെയ്യാൻ സാധിക്കാത്ത "ഇൻവാലിഡ് പെൻഷണർ' വിഭാഗത്തിലുള്ളവർ മരിച്ചാൽ അവരുടെ ആശ്രിതർക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടാകില്ല. സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരിക്കുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടാകില്ല. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരിച്ചാൽ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടാകില്ല.










0 comments