പണമൊഴുക്കും വർഗീയ ധ്രുവീകരണവും: ബിഹാർ നിലനിർത്തി എൻഡിഎ

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ജനവിധി പൂര്‍ണമായി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ, പണമൊഴുക്കിയും ഭരണസംവിധാനങ്ങൾ ദുരുപയോഗിച്ചും വർഗീയ–ജാതീയ ധ്രുവീകരണം തീവ്രമാക്കിയും ബിഹാറില്‍ വലിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തി എൻഡിഎ. വോട്ടെണ്ണിയപ്പോൾ കാണാനായത്. അതോസമയം, തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലുള്ളതിനേക്കാൾ അധികം പോൾ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐ എംഎല്ലും രംഗത്തെത്തിയിട്ടുണ്ട്.
ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് എക്സ് പോസ്റ്റിലൂടെ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്തതായാണ് പുറത്തുവന്ന വിവരം.ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോൾ സർവേകളും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം എൻഡിഎയ്ക്ക് 121 മുതൽ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതൽ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.
ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടർമാർക്കിടയിൽ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകൾ അവകാശപ്പെടുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് സംരംഭം തുടങ്ങാനെന്ന പേരിൽ സ്‌ത്രീകളുടെ അക്കൗണ്ടിൽ പതിനായിരം രൂപ വീതം നിക്ഷേപിച്ച എൻഡിഎ സർക്കാർ നടപടി വിധി നിർണായകമായി. സംസ്ഥാനത്തെ 1.1 കോടി സ്‌ത്രീകൾക്കാണ് പതിനായിരം രൂപ വീതം ലഭിച്ചത്. പോളിങ് ശതമാനം ഉയരുന്നതിനും സ്‌ത്രീ വോട്ടർമാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതിനും ഇൗ നടപടി കാരണമായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കേന്ദ്രസർക്കാർ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വോട്ടർപ്പട്ടികയുടെ തീവ്രപുന:പരിശോധനയും എൻഡിഎയ്‌ക്ക് ഗുണകരമായി. തെരഞ്ഞെടുപ്പ് കമീഷൻ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ 65 ലക്ഷം വോട്ടുകളിൽ ഏറെയും മഹാസഖ്യത്തിന് ലഭിക്കേണ്ട പിന്നോക്ക– ന്യൂനപക്ഷ വോട്ടുകളായിരുന്നു.
അതേസമയം, വർധിച്ച ആത്മവിശ്വാസത്തോടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തുടക്കത്തിൽ പ്രഖ്യാപിച്ചത്. പിന്നീട് പല മാറിമറിയലുകൾ നടന്നെങ്കിലും ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. മധ്യവർഗത്തിന്റെയും ചെറുപ്പക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ട ജൻ സുരാജ് തൊഴിലില്ലായ്മയും വികസനവുമായിരുന്നു പ്രധാന മുദ്രാവാക്യമാക്കിയത്. എന്നാൽ, ജാതിസമവാക്യങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ബിഹാർ മണ്ണിൽ ഈ മുദ്രാവാക്യങ്ങൾ കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. 150 സീറ്റിനു മുകളിൽ കിട്ടുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ അവകാശവാദം.
ബിജെപിക്ക് പതിവ് തന്ത്രം പയറ്റിയാൽ ബിഹാറിൽ നിതീഷില്ലാതെയും ഭരിക്കാമെന്ന സാഹചര്യമാണ് തെരെഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രി പദം കൈയകലെ നിൽക്കവേ വീണ്ടും നിതീഷിനെ ചുമക്കേണ്ടതില്ലന്ന് ബിജെപി തീരുമാനിച്ചാൽ രാഷ്‌ട്രീയം തന്നെ കലങ്ങിമറിഞ്ഞേക്കാം. മഹാരാഷ്‌ട്രയിൽ ശിവസേനയെ നെടുകെ പിളർത്തി അധികാരം പിടിച്ച ബിജെപി തെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതൽ അപകടകാരിയാണെന്ന യാഥാർഥ്യം വൻ വിജയത്തിനിടയിലും നിതീഷ് കുമാറിന് നെഞ്ചിടിപ്പേറ്റും.
ബിജെപിക്ക് പുറമേ ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർടിയുടെ( രാംവിലാസ്)19 സീറ്റും ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാംമോർച്ച(5 സീറ്റ് )(ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്‌ട്രീയ ലോക്‌മോർച്ച (4) പാർടികളും ചേർത്താൽ നിതീഷില്ലാതെ ബിജെപി പക്ഷത്ത് 117 പേരുണ്ട്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് മാത്രമാണ് വേണ്ടത്.കഴിഞ്ഞ തവണത്തെ മോശം പ്രകടനം മറികടക്കുന്ന പ്രകടനവുമായി ജെഡിയു കളംനിറയുമ്പോൾ നിതീഷ് തന്നെയാണ് ശ്രദ്ധാകേന്ദ്രം.









0 comments