ad
Deshabhimani

ഗ്യാസ്‌ വാണിജ്യവാതക വിലവർധന

തട്ടുകടകളിലും വിഭവങ്ങൾ പരിമിതം; കടുംകാപ്പിയും ചായയും കളംവിട്ടിട്ട്‌ ആഴ്‌ചകൾ

Thattukada
വെബ് ഡെസ്ക്

Published on May 05, 2026, 09:54 AM | 1 min read

അടിമാലി: പാചകവാതകക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സിലിണ്ടറുകൾക്ക് വിലവർധിപ്പിച്ചത് ഇരുട്ടടിയായി. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 993 രൂപയുടെ വർധനയാണുണ്ടായത്‌. ഇതോടെ ഒരു വാണിജ്യ സിലണ്ടറിന്റെ വില 3150 രൂപയായി ഉയർന്നു. വിവിധ തട്ടുകടകളിലും രാത്രി റസ്റ്റോററ്റുകളിലും കടുംകാപ്പിയും ചായയും കളംവിട്ടിട്ട്‌ ആഴ്‌ചകളായി.


ഹെെറേഞ്ചിൽ ജോലികഴിഞ്ഞ്‌ എത്തുന്നവർ ആശ്രയിക്കുന്ന തട്ടുകടകളെയാണ്‌. ഇതിനിടെ വേനൽമഴയിൽ നനഞ്ഞെത്തുന്നവർക്കും ആശ്വാസമായിരുന്ന ചൂട്‌ കടുംകാപ്പിയും ചായയും പലയിടങ്ങളിലും ലഭിക്കുന്നില്ല. തണുത്തത്‌ ചൂടാക്കി നൽകാൻപോലും കഴിയാതെ കടക്കാർ വലയുകയാണ്‌. ഹോട്ടലുകളും കടകളും നടത്തികൊണ്ടു പോകുന്നതിന്‌ ചെലവ്‌ കൂടുകയാണ്‌. രാജ്യത്ത്‌ എൽപിജി 60 ശതമാനവും ഇറക്കുമതിയാണ്‌.


പശ്ചിമേഷ്യൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ വലിയൊരുഭാഗം സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിച്ചാണ്‌. ഇതിൽ 30 ശതമാനം വാതകവും 85 മുതൽ 90 ശതമാനം വരെ എൽപിജി ഇറക്കുമതിയും ഈ രാജ്യങ്ങളിൽ നിന്നായിരുന്നു. രാജ്യത്ത്‌ ആറുമാസത്തെ ഉപയോഗത്തിനുള്ള ഗ്യാസ്‌ പോലും നൽകാനുള്ള കരുതൽ സ്വീകരിക്കാനുള്ള നടപടി കേന്ദ്രസർക്കാർ കരുതിയില്ല.


കേറ്ററിങ് മേഖലയും തകർച്ചയിൽ


നോമ്പ് കാലം കഴിഞ്ഞ്‌ കേറ്ററിങ് മേഖല പച്ചപിടിക്കുന്ന സാഹചര്യത്തിലാണ്‌ അടിക്കടി പാചകവാതക വിലവർധന. വിവാഹം, മാമോദീസ, ആദികുർബാന തുടങ്ങിയ മുൻകൂട്ടി ബുക്ക്‌ ചെയ്‌ത പരിപാടികൾക്ക്‌ സദ്യ നടത്താൻ 7000 രൂപയ്‌ക്ക്‌ കരിച്ചന്തയിൽ വാണിജ്യവാതക കുറ്റികൾ വാങ്ങേണ്ടിവന്നു. പാചകവാതക ക്ഷാമമുള്ളതിനാൽ സ്വകാര്യ കന്പനികൾക്ക്‌ ഭീമമായ തുക ഡെപ്പോസിറ്റ്‌ തുക നൽകിയാണ്‌ പലരും ഗ്യാസ്‌വാങ്ങിയത്‌. സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലിവർധനയും കൂടിയായപ്പോൾ കേറ്ററിങ് മേഖലയിലുള്ള പലസ്ഥാപന ഉടമകളും കടത്തിലുമായി. അതിഥിത്തൊഴിലാളികൾ വോട്ടുചെയ്യാൻ മടങ്ങിയതും പലരും രംഗം വിടാനുമിടയായി.


ഹോട്ടലുകൾ അടച്ചിട്ട്‌ സമരം നാളെ


​വാണിജ്യവാതക വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ബുധനാഴ്‌ച ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ട്‌ സമരം നടത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വാണിജ്യവാതക വിലവർധനയും സമാനതകളില്ലാത്ത കടഭാരംമൂലം ചെറുകിട ഹോട്ടലുകൾ മിക്കവയും പൂട്ടി. കരിഞ്ചന്തയിൽ ഗ്യാസ്‌ വാങ്ങി ഹോട്ടൽ വ്യവസായം നടത്തിക്കൊണ്ടു പോകാനും കഴിയാത്ത അവസ്ഥയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home