print edition വാണിജ്യ സിലിണ്ടർ വിലവർധന: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പും പ്രതിസന്ധിയിൽ

സ്വന്തം ലേഖിക
Published on Jun 03, 2026, 12:00 AM | 1 min read
പത്തനംതിട്ട: വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്കൂളുകളിലെ പ്രഥമാധ്യാപകരും. പാചകവാതകക്ഷാമവും വിലവർധനവും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് വെല്ലുവിളിയാണ്. ഗ്യാസ് ഏജൻസികളിൽ നേരിട്ട് വിളിച്ച് ബുക്ക് ചെയ്താണ് സ്കൂളുകളിൽ സിലിണ്ടർ എത്തിക്കുന്നത്. സാധാരണ ഓൺലൈൻ ബുക്കിങ്ങ് വഴി സിലിണ്ടർ കിട്ടാത്ത സാഹചര്യമുണ്ട്. സിലിണ്ടർ ഒന്നിന് വില 4000 രൂപയിൽ എത്തിയതോടെ പദ്ധതിക്കുള്ള ചെലവും ഇരട്ടിയാകും. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026–27ലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മാർഗനിർദേശത്തിൽ ഇക്കാര്യത്തിൽ യാതൊരു പരാമർശവുമില്ല.
ഒപ്പം പാൽവില വർധിച്ചതും പ്രതിദിന പ്രവർത്തനത്തെ ബാധിക്കും. ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് പാലും ഒരുദിവസം മുട്ടയും നൽകണം. എൽപി സ്കൂൾ വിദ്യാർഥികൾക്ക് 6.19 രൂപയും യുപിക്കാർക്ക് 9.29 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി നൽകുന്ന തുക. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ, അംഗീകൃത പ്രീ-പ്രൈമറി, എംജിഎൽസി/ബദൽ സ്കൂൾ, സർക്കാർ അംഗീകൃത സ്പെഷ്യൽ സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ സിലിണ്ടറുകൾ വേണ്ടിവരും. 100 കുട്ടികൾക്ക് ഒരു മാസം കുറഞ്ഞത് രണ്ട് വാണിജ്യ സിലിണ്ടറുകൾ(19 കിലോഗ്രാം) വേണ്ടിവരും. അതായത് സിലിണ്ടറിന് മാത്രം 8000 രൂപയുടെ ചെലവ്. വിറകടുപ്പ് പൊളിച്ചുമാറ്റാൻ കർശന നിർദേശമുള്ളതിനാൽ പലസ്ഥലത്തും താൽക്കാലിക അടുപ്പ് നിർമിച്ചാണ് ആഹാരം പാകംചെയ്യുന്നത്. കാലവർഷം കനക്കുന്നതോടെ ഇതും പ്രതിസന്ധിയാകും.
ഇതോടെ പ്രഥമാധ്യാപകരുടെ ജോലിസമ്മർദം ഇരട്ടിയാകുമെന്ന് അധ്യാപകരും പറയുന്നു. ഭക്ഷണത്തിനുള്ള കുട്ടികളുടെ വിഹിതം വർധിപ്പിക്കുമോ എന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കിയിട്ടില്ല.









0 comments