print edition വാണിജ്യ സിലിണ്ടർ: കേന്ദ്രം പരിധി ഉയർത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷം


സ്വന്തം ലേഖകൻ
Published on Mar 21, 2026, 04:05 AM | 1 min read
തിരുവനന്തപുരം: വാണിജ്യ പാചകവാതക വിതരണത്തിലെ നിയന്ത്രണം നീക്കിയില്ലെങ്കിൽ കേരളത്തിലെ ഹോട്ടൽ വ്യവസായം സ്തംഭനത്തിലേക്ക്. വിതരണ പരിധി 20 ശതമാനമായി കുറച്ച കേന്ദ്ര നടപടി തിരുത്തണമെന്ന ആവശ്യവും സംസ്ഥാനത്ത് ശക്തമാകുകയാണ്. സംസ്ഥാനത്തിൽ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി ആർ അനിലും കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായില്ല.
പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവയുടെ പൂർണ്ണ നിയന്ത്രണാധികാരം കേന്ദ്രസർക്കാരിന്റെ കൈവശമാണെന്നത് സംസ്ഥാനത്തിന് ഈ മേഖലകളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന് പരിമിതികളുണ്ടാക്കുന്നുണ്ട്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ തടസമുണ്ടാകരുതെന്നും പൂഴ്‌ത്തിവെപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.
നിലവിൽ സംസ്ഥാനത്ത് 20,314 മെട്രിക് ടൺ എൽപിജിയാണ് വിവിധ ബോട്ടിലിങ് പ്ലാന്റുകളിൽ ഉള്ളത്. ഇത് 14,30,563 സിലിണ്ടറുകൾ നിറയ്‌ക്കുന്നതിന് പര്യാപ്‌തമാണ്. അതിനാൽ ഗാർഹിക സിലിണ്ടറുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കൺട്രോളർ ഫോർ റേഷനിങ് സി വി മോഹൻകുമാർ പറഞ്ഞു.
സംസ്ഥാനത്ത് 753 മെട്രിക് ടൺ ഗാർഹികേതര എൽപിജി ആണ് പ്രതിദിനം ആവശ്യമായി വരുന്നത്. എന്നാൽ വിതരണ പരിധി 20 ശതമാനമാക്കി നിശ്‌ചയിച്ചതോടെ ഇത് 150.6 മെട്രിക് ടൺ ആക്കി കുറച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും അടക്കമുള്ള ഭക്ഷണശാലകൾ പ്രതിസന്ധിയിലായി.










0 comments