തേങ്ങയുൽപ്പാദനത്തിൽ ഇടിവ് : നാനൂറും കടന്ന് വെളിച്ചെണ്ണ

കാസർകോട്
ചരിത്രത്തിലാദ്യമായി വെളിച്ചെണ്ണ വില ലിറ്ററിന് നാനൂറും കടന്ന് കുതിക്കുന്നു. മൊത്തവിപണനകേന്ദ്രങ്ങളിൽ ലിറ്ററിന് 395 രൂപയും ചില്ലറവിൽപ്പനകേന്ദ്രങ്ങളിൽ 400 രൂപയുമാണ് ചൊവ്വാഴ്‌ചത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 417 രൂപയായിരുന്നു. തേങ്ങയുടെ ക്ഷാമവും വിലവർധനയുമാണ് കാരണം. തേങ്ങ കിലോയ്‌ക്ക് 74 രൂപയായി.
കേരളത്തിൽ തേങ്ങയുടെ ഉൽപ്പാദനക്ഷമത കഴിഞ്ഞ വേനലിൽ ഏതാണ്ട് പാതിയോളമായി കുറഞ്ഞിരുന്നു. 2021–-22ൽ ഹെക്ടറിന് 7412 തേങ്ങയായിരുന്നു ശരാശരി ഉൽപ്പാദനം. 2022–-23ൽ 7215 തേങ്ങയായും 2023–-24ൽ 7211 ആയും ഇടിഞ്ഞു.
തമിഴ്‌നാട്ടിൽനിന്നുള്ള തേങ്ങ വരവിലും വൻ ഇടിവുണ്ട്. 180 രൂപയിൽനിന്നാണ് ഒരു വർഷത്തിനിടെ വെളിച്ചണ്ണവില നാനൂറ് പിന്നിട്ടത്.
ശബരിമല മണ്ഡലകാലത്ത് വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില കൂടാറുണ്ടെങ്കിലും ജനുവരിയിൽ സാധാരണനിലയിലെത്തും. കാലാവസ്ഥാവ്യതിയാനത്തിനൊപ്പം തെങ്ങിനെ ബാധിച്ച രോഗങ്ങളും ഉൽപ്പാദനക്കുറവുണ്ടാക്കി. കൊപ്രക്ഷാമവും വിലവർധനയും കാരണം നൂറുകണക്കിന് ചെറുകിട സ്വകാര്യ മില്ലുകൾ അടച്ചു. വെളിച്ചെണ്ണ വിൽപ്പന മൂന്നിലൊന്നായി കുറഞ്ഞതായി മില്ലുടമകൾ പറയുന്നു. ഹോട്ടലുകളും ബേക്കറികളും ഗാർഹിക ഉപഭോക്താക്കളുമെല്ലാം പാമോലിൻ ഉൾപ്പെടെയുള്ള സസ്യയെണ്ണകളെ പാചകാവശ്യത്തിന് കൂടുതലായി ആശ്രയിച്ചുതുടങ്ങി.
കേരളത്തിൽനിന്ന് തേങ്ങ സംഭരിച്ച് തമിഴ്നാട്ടിലെത്തിച്ച് കൊപ്രയാക്കി തിരികെയെത്തിക്കുന്ന സംരംഭകരും പ്രതിസന്ധിയിലാണ്. കൂലിച്ചെലവ് കുറവായതിനാലും ഗുണമേന്മയുള്ള കൊപ്ര ലഭിക്കുന്നതിനാലും കേരളത്തിൽനിന്ന് വൻതോതിൽ തേങ്ങ ഇത്തരത്തിൽ തമിഴ്നാട്ടിൽ എത്തിയിരുന്നു. ഉൽപ്പാദനം ഇടിഞ്ഞതോടെ ഇത് പൂർണമായും നിലച്ചു. തേങ്ങയുടെ ക്ഷാമം ചിരട്ടയുടെ ലഭ്യതയെയും ബാധിച്ചിട്ടുണ്ട്. 32 രൂപയ്ക്കാണ് നിലവിൽ ചിരട്ട സംഭരിക്കുന്നത്.
വെളിച്ചെണ്ണയ്‌ക്ക് വില വർധിച്ചതോടെ മായം കലർന്ന വെളിച്ചെണ്ണയുടെ വരവും കൂടി. കർണർ ഓയിൽ ഉൾപ്പെടെയുള്ളവ കലർത്തിയാണ് പല ബ്രാൻഡുകളും വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. ഇതിനെതിരെ പരിശോധന കർശനമാക്കാൻ ഭക്ഷ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.









0 comments