കുറഞ്ഞവിലയ്ക്ക് വെളിച്ചെണ്ണ നൽകാനുള്ള സർക്കാർ തീരുമാനം കരിഞ്ചന്തയ്ക്ക് തിരിച്ചടിയായി , വില വീണ്ടും കുറയാൻ സാധ്യത
ഇടപെടൽ ഫലംകണ്ടു വെളിച്ചെണ്ണവില താഴേക്ക് ; ലിറ്ററിന് 390 രൂപയായി

കൊച്ചി: കുത്തനെ ഉയർന്ന വെളിച്ചെണ്ണവില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടൽ ലക്ഷ്യംകാണുന്നു. പൊതുവിപണിയിൽ ലിറ്ററിന് 450 രൂപയ്‌ക്കുമുകളിൽ വില വന്നത് നിലവിൽ 390 രൂപയിലേക്ക് താഴ്‌ന്നു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് രണ്ടുമാസം ഒരു ലിറ്റർവീതം വെളിച്ചെണ്ണ 349 രൂപയ്‌ക്ക് നൽകാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പൂഴ്‌ത്തിവയ്‌പ് അവസാനിപ്പിച്ച് കരിഞ്ചന്തക്കാർ വില കുറയ്‌ക്കാൻ നിർബന്ധിതരായത്.
സബ്‌സിഡി നിരക്കിൽ സർക്കാർ വെളിച്ചെണ്ണ നൽകുമെന്നതിനാൽ, കൊപ്ര കെട്ടിക്കിടക്കുമെന്ന് മുന്നിൽക്കണ്ടാണ് തമിഴ്‌നാട് വില കുറച്ചത്. കിലോഗ്രാമിന് 270-–275 രൂപയ്‌ക്ക് വിറ്റിരുന്ന കൊപ്രയ്ക്ക് നിലവിൽ 210 രൂപയായെന്ന് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കോക്കനട്ട് ഓയിൽ മില്ലേഴ്സ് പ്രസിഡന്റ് സജീവ് കെ ജോബ് പറഞ്ഞു. അടുത്ത ആഴ്‌ച അവസാനം എണ്ണ വില 375 ആയി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാരച്യൂട്ട് വെളിച്ചെണ്ണ ഉൽപ്പാദകരായ മാരികോ പോലുള്ള വൻകിട കമ്പനികൾക്ക് കൊപ്ര മൊത്തവിപണിയിൽനിന്ന് ആവശ്യത്തിന് ലഭിക്കാതായതോടെ, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കർഷകരിൽനിന്ന് തേങ്ങ സംഭരിക്കാൻ തുടങ്ങിയതും പൂഴ്ത്തിവയ്‌പുകാർക്ക് തിരിച്ചടിയായി. മഴ കുറഞ്ഞതോടെ പച്ചത്തേങ്ങയുടെ ലഭ്യതയും കൂടിയിട്ടുണ്ട്.









0 comments