Deshabhimani

ഹ്യുണ്ടായ്‌–കൊച്ചി കപ്പൽശാല ധാരണപത്രം ‘ഇൻവെസ്റ്റ്‌മെന്റ്‌ കേരള’യുടെ വിജയം

Cochin Shipyard Limited hyundai agreement
വെബ് ഡെസ്ക്

Published on Jul 07, 2025, 01:16 AM | 1 min read


കൊച്ചി

ലോകത്തെ ഏറ്റവും വലിയ കപ്പൽനിർമാണ കമ്പനിയായ ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായിയുമായി കൊച്ചി കപ്പൽശാല ധാരണപത്രം ഒപ്പിട്ടത്‌ ‘ഇൻവെസ്റ്റ്‌മെന്റ്‌ കേരള’യുടെ വിജയം. കൊച്ചി കപ്പൽശാലയുടെ ശേഷിയും തൊഴിലവസരങ്ങളും ഇരട്ടിയാക്കുന്ന പദ്ധതി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്‌ മുന്നോടിയായി നടന്ന ചർച്ചയിൽ ഷിപ്‌യാർഡ് സിഎംഡി മധു നായരാണ്‌ അവതരിപ്പിച്ചത്‌.


കപ്പൽനിർമാണത്തിലും മാരിടൈം വികസനത്തിലും ലോകത്തെ ഏറ്റവും വലിയ ശക്തിയായ ഹ്യുണ്ടായിയുമായി ദിർഘകാല സഹകരണം ഉറപ്പാക്കുന്നതാണ്‌ പദ്ധതി. ഇന്ത്യയിലും വിദേശത്തും കപ്പൽനിർമാണത്തിനുള്ള പുതിയ അവസരങ്ങൾ തേടൽ, കപ്പൽനിർമാണം ആഗോളനിലവാരത്തിലേക്ക് ഉയർത്താൻ സാങ്കേതികവിദ്യ പങ്കിടൽ, ഉൽപ്പാദനക്ഷമതയും ശേഷിവിനിയോ​ഗവും വർധിപ്പിക്കാനുള്ള സംരംഭങ്ങൾ കണ്ടെത്തൽ, തൊഴിലാളികളുടെ നൈപുണ്യവികസനം തുടങ്ങിയവയും ധാരണപത്രത്തിലുണ്ട്‌.

ലോകത്തിലെ വിവിധ വൻകിട കപ്പൽശാലകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഹ്യുണ്ടായിയുമായി സഹകരിക്കുന്നതിലൂടെ ഇന്ത്യയുടെ കപ്പൽനിർമാണ മേഖലയെ ശക്തിപ്പെടുത്താനും സമുദ്രമേഖലയിൽ സ്വാശ്രയത്വവും മത്സരക്ഷമതയും വർധിപ്പിക്കാനുമാണ്‌ ലക്ഷ്യമിടുന്നത്‌.


പദ്ധതിക്ക്‌ സംസ്ഥാന സർക്കാരിന്റെ എല്ലാ സഹകരണവും ഉറപ്പുനൽകുന്നതായി വ്യവസായമന്ത്രി പി രാജീവ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തുറമുഖത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സ്ഥലം ഇതിനായി ഉപയോഗിക്കാനാകും. സംസ്ഥാന വ്യവസായവകുപ്പ്‌ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി ഒപ്പുവച്ച ധാരണപത്രങ്ങൾപ്രകാരം 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക്‌ തുടക്കമായി. ഇവ പൂർത്തിയാകുന്നതോടെ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും–- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home